ഹമാസ് – ഇസ്രായേൽ യുദ്ധത്തിനിടെ ഇസ്രയേലിനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേൽ സന്ദർശനത്തിനിടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ഗാസ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബൈഡൻ ഇസ്രയേലിലെത്തിയത്. സംഭവത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ജോ ബൈഡൻ സ്വീകരിച്ചത്. ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അതീവ ദുഃഖിതനാണെന്ന് ജോ ബൈഡൻ പറഞ്ഞു. താൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇത് മറ്റാരോ ചെയ്തതാകാനാണു സാധ്യതയെന്നു കരുതുന്നുവെന്നും ബൈഡൻ പറഞ്ഞു. അതെ സമയം നേരത്തെ യു എസ് എടുത്ത ചില പ്രതികാര നടപടികളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു ഇസ്രായേലിന് ബൈഡന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ 11ലെ ആക്രമണത്തിനു ശേഷം യുഎസ് പ്രതികാരദാഹത്താൽ അന്ധമായിപ്പോയെന്നും ഈ അവസ്ഥ ഇസ്രയേലിനു സംഭവിക്കരുതെന്നുമാണ് ബൈഡൻ മുന്നറിയിപ്പ് നൽകിയത്.
ബൈഡൻ പറഞ്ഞത് ഇങ്ങിനെ
‘‘പ്രതികാരം നിങ്ങളെ വിഴങ്ങാതിരിക്കട്ടെ എന്നു ഞാൻ മുന്നറിയിപ്പ് നൽകുന്നു. സെപ്റ്റംബർ 11ലെ ആക്രമണത്തിനുശേഷം യുഎസ് കോപാകുലമായ അവസ്ഥയിലായിരുന്നു. അബദ്ധങ്ങൾ ചെയ്യുമ്പോഴും അതിനു ന്യായീകരണം തേടുകയും അതു കണ്ടെത്തുകയും ചെയ്തിരുന്നു. യുഎസിനു പറ്റിയ അബദ്ധം ഇസ്രയേലിനു സംഭവിക്കരുത്’’