നാലാം ജയം സ്വപ്നം കാണുന്ന തരൂരിന്റെ തിരുവനന്തപുരത്ത് സിപിഎം സമ്മതം മൂളിയാൽ ചിത്രം മാറും: ബിജെപിയുടെ സർപ്രൈസ് ഒരുഭാഗത്ത്

ശ്രീപദ്മനാഭന്റെ മണ്ണാണ് തിരുവനന്തപുരം. അധികാരത്തിന്റെ കേന്ദ്രസ്ഥാനം. സ്വാഭാവികമായും സംസ്ഥാനത്തെ വി.വി.ഐ.പി മണ്ഡലങ്ങളിലൊന്ന്. ഇവിടേയ്ക്ക് ലക്ഷണമൊത്തൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്നത് എക്കാലത്തും മുന്നണികൾ നേരിട്ടിരുന്ന പ്രതിസന്ധി തന്നെ. കൃത്യമായ രാഷ്ട്രീയ സൂത്രവാക്യങ്ങളൊന്നും തലസ്ഥാനത്തിനു ബാധകമല്ലെന്നതാണ് ചരിത്രം. ഏതെങ്കിലും പാർട്ടിയോടോ മുന്നണിയോടോ സമുദായത്തോടോ അമിത വിധേയത്വം കാട്ടാത്ത മണ്ഡലം.

വി.കെ.കൃഷ്ണമേനോൻ, എം.എൻ. ഗോവിന്ദൻനായർ, കെ. കരുണാകരൻ, കെ.വി. സുരേന്ദ്രനാഥ്, പി.കെ. വാസുദേവൻനായർ തുടങ്ങി,​ തലപ്പൊക്കമുള്ള നേതാക്കൾക്ക് തലപ്പാവു നൽകിയ മണ്ഡലം. എം.എൻ. ഗോവിന്ദൻനായരും പ്രിയ കവി ഒ.എൻ.വി കുറുപ്പും കണിയാപുരം രാമചന്ദ്രനുമൊക്കെ തോൽവിയുടെ കയ്പുനീര് നുണഞ്ഞിട്ടുമുണ്ട്. മണ്ഡലം മഹാമേരു കണക്കെ നിൽക്കാൻ പ്രധാന കാരണവും ഇതാണ്.

തിരഞ്ഞെടുപ്പ് ചർച്ചകളും മുന്നൊരുക്കങ്ങളുമൊക്കെ ഒരുവഴിക്ക് നടക്കുന്നുണ്ടെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ആരാവുമെന്നത് ഇക്കുറി കണ്ണുംപൂട്ടി പറയാവുന്ന ഏക മണ്ഡലവും തിരുവനന്തപുരം തന്നെ. നിലവിലെ എം.പി ശശി തരൂരിനു പകരമൊരാളെക്കുറിച്ച് സ്വപ്നത്തിൽപ്പോലും ചിന്തിക്കുന്നില്ല,​ യു.ഡി.എഫ് നേതൃത്വവും രാഷ്ട്രീയ എതിരാളികളും. ഏറക്കുറെ സ്ഥാനാർത്ഥിയെന്ന മട്ടിൽ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തരൂർ തുടങ്ങിയിട്ടുമുണ്ട്.

2009- ലെ തിരഞ്ഞെടുപ്പു മുതൽ ഇന്ത്യൻ പാർലമെന്റിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ശശി തരൂർ ആണ്. ഐക്യരാഷ്ട്രസഭ വരെ നീളുന്ന ഔദ്യോഗിക അനുഭവ സമ്പത്തും ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരവുമൊക്കെയായി നിൽക്കുന്ന തരൂരിനു പറ്റിയ എതിരാളിയെ കണ്ടെത്തുകയാണ് മറ്റു രണ്ട് മുന്നണികളുടെയും മുഖ്യ വെല്ലുവിളി.

ഇടതുമുന്നണി തുടർച്ചയായി സി.പി.ഐക്ക് നൽകിവരുന്ന സീറ്രാണ് ഇത്. സി.പി.ഐ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കു കടന്നിട്ടില്ലെങ്കിലും ചില പേരുകൾ അവരുടെ മനസിലുണ്ട്. സി.പി.ഐയുമായി അടുപ്പമുള്ള പൊതുസമ്മതൻ എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. പക്ഷേ പേര് സസ്പെൻസിലാണ്. തുടക്കത്തിൽ ബിനോയ് വിശ്വത്തിന്റെ പേരു കേട്ടിരുന്നെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തിയതോടെ അത് അപ്രസക്തമായി. പൊതുസമ്മതിക്കൊപ്പം യുവത്വംകൂടിയുള്ള സ്ഥാനാർത്ഥിയെന്നതാണ് അവരുടെ സങ്കൽപ്പം. എന്നാൽ ആനി രാജ സ്ഥാനാർത്ഥിയായേക്കുമെന്നും സി.പി.ഐ വൃത്തങ്ങളിൽ സംസാരമുണ്ട്.

എൻ.ഡി.എയെ സംബന്ധിച്ച് അളവറ്റ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയെന്നതാണ് ഈ ആത്മവിശ്വാസത്തിന് അടിത്തറ. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ മുതൽ നടൻ കൃഷ്ണകുമാർ വരെ പല പേരുകളും പറയുന്നുണ്ട്. ഒരു സർപ്രൈസ് സ്ഥാനാർത്ഥി ആകാനും സാദ്ധ്യതയുണ്ട്.

പോരാട്ടം തീ പാറിക്കും

ഇതുവരെയുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ യു.ഡി.എഫും എൻ.ഡി.എയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാകുമെന്നാണ് കരുതേണ്ടത്. കാരണം,​ സി.പി.ഐയ്ക്കു വേണ്ടി മുൻ തിരഞ്ഞെടുപ്പുകളിൽ ഇവിടെ ഇറങ്ങിയിട്ടുള്ള മുതിർന്ന നേതാക്കൾക്ക് ഇനിയൊരു അങ്കത്തിന് സാദ്ധ്യതയില്ല. ഇതിനിടെ സൗകര്യപ്രദമായ മറ്റൊരു സീറ്റ് ലഭിച്ചാൽ തിരുവനന്തപുരം സി.പി.എമ്മുമായി വച്ചുമാറാം എന്നൊരു ചിന്തയും സി.പി.ഐ നേതൃത്വത്തിലുണ്ട്. ഔദ്യോഗികമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. അതിന് സി.പി.എം നേതൃത്വവുമായി ചർച്ച ചെയ്യുകയും അവർ സമ്മതം മൂളുകയും വേണം. അങ്ങനെ വന്നാൽ ചിത്രം ആകെ മാറും.

കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമനും എസ്. ജയശങ്കറും സമീപകാലത്ത് തലസ്ഥാനത്ത് നിരവധി പരിപാടികളിൽ പങ്കെടുത്തതാണ് സ്ഥാനാർത്ഥി സാദ്ധ്യതയിലേക്ക് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ എത്തിക്കുന്നത്. ഓഖി ദുരിതകാലത്ത് ജില്ലയിലെ തീരമേഖലയിൽ ആശ്വാസവുമായി എത്തിയ നിർമ്മല സീതാരാമനു കിട്ടിയ വലിയ സ്വീകാര്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. തീരമേഖലയ്ക്കായി കേന്ദ്രസർക്കാർ നടപ്പാക്കിയ ആശ്വാസപദ്ധതികളും അനുകൂല ഘടകമായി കാണുന്നു. എം.പി എന്ന നിലയ്ക്ക് ശശി തരൂരിന്റെ മണ്ഡലത്തിലെ അസാന്നിദ്ധ്യമാണ് മുഖ്യ പോരായ്മയായി ബി.ജെ.പിയും ഇടതുപക്ഷവും ചൂണ്ടിക്കാട്ടുന്നത്.

ഔദ്യോഗികമായി യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും തിരുവനന്തപുരത്തിനു വേണ്ടി ആരും അവകാശവാദവുമായി എത്തിയിട്ടില്ല, മാത്രമല്ല, ശശി തരൂർ കഴിഞ്ഞ കുറെ മാസങ്ങളായി പൊതുപരിപാടികളിൽ സജീവവുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയ 99,989 വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. തുടർച്ചയായ നാലാം ജയത്തിൽ കുറഞ്ഞൊന്നും തരൂർ പ്രതീക്ഷിക്കുന്നില്ല. നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്ന ഇരട്ടനഗരം പദ്ധതി യാഥാർത്ഥ്യമായില്ലെന്നത് അടക്കമുള്ള ചില ആക്ഷേപങ്ങൾ യു.ഡി.എഫും എൻ.ഡി.എയും ഉയർത്തുന്നുണ്ട്. അത് വോട്ടിംഗിൽ പ്രതിഫലിക്കുമോ എന്നതാണ് പ്രധാനം.

മണ്ഡലത്തിന്റെ ഘടന

മണ്ഡലത്തിന്റെ 70 ശതമാനത്തിലധികം പ്രദേശവും നഗരമേഖലയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തെ കണക്ക് പ്രകാരം 13,34,665 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കഴക്കൂട്ടം, കോവളം, തിരുവനന്തപുരം, നേമം , പാറശ്ശാല എന്നീ തീരദേശ അസംബ്ളി മണ്ഡലങ്ങളും,​ നെയ്യാറ്റിൻകര, വട്ടിയൂർക്കാവ് മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. ഹിന്ദു വിഭാഗത്തിനാണ് മുൻതൂക്കം. ക്രിസ്ത്യൻ, മുസ്ലീം വോട്ടുകളാണ് തൊട്ടുപിന്നിൽ. ചെറിയൊരു ശതമാനം പട്ടികജാതി, പട്ടികവർഗ്ഗ വോട്ടുകളുമുണ്ട്.

ചരിത്രം ഇങ്ങനെ

കഴിഞ്ഞ 18 തിരഞ്ഞെടുപ്പു ഫലങ്ങൾ പരിശോധിച്ചാൽ അല്പം മുൻതൂക്കം യു.ഡി.എഫിനാണ്. നാലു തവണ സ്വതന്ത്രരും ഒരിക്കൽ സംയുക്ത സോഷ്യലിസ്റ്ര് പാർട്ടിയും ജയിച്ചു. ഇടതുപക്ഷം ജയിച്ചത് നാലു തവണ. ശേഷിക്കുന്ന ഫലങ്ങളെല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുള്ളതാണ്. 2009-ൽ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിലാണ് ശശിതരൂർ ആദ്യമായി ഇവിടെ ജയിച്ചത്. 2014-ൽ സർവ്വസ്വീകാര്യനായ ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എന്ന കരുത്തൻ പ്രതിയോഗിയായപ്പോൾ തരൂരിന്റെ ഭൂരിപക്ഷം 15,470 വോട്ടുകളായി കുറഞ്ഞു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീണ്ടും ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്തെത്തി. നേമം അസംബ്ളി മണ്ഡലത്തിൽ മാത്രമാണ് തരൂരിന് രണ്ടാം സ്ഥാനത്തേക്ക് പോകേണ്ടിവന്നത്. ഇടതു പക്ഷത്തിനാവട്ടെ,​ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് രണ്ടാം സ്ഥാനം കിട്ടിയത്. 2021 -ലെ അസംബ്ളി തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ മൊത്തത്തിൽ ഇടതുപക്ഷ അനുകൂലമാണ്. കോവളത്ത് മാത്രമാണ് യു.ഡി.എഫിന് ജയിക്കാൻ കഴിഞ്ഞത്.

വിജയം തീർച്ച

മണ്ഡലം യു.ഡി.എഫ് നിലനിർത്തുമെന്നതിൽ ഒരു സംശയവും വേണ്ട. അനകൂല അന്തരീക്ഷമാണ്. 1300 ബൂത്തുകളും സംഘടനാപരമായി ചിട്ടപ്പെട്ടു. തരൂരിന്റേത് മികച്ച പ്രകടനം. ടൂറിസത്തിൽ അധിഷ്ഠിതമായ ഒരു മാസ്റ്രർ പ്ളാൻ വേണമെന്നതിന് പ്രാധാന്യം നൽകും. 2035 വരെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് വിഭാവനം ചെയ്യേണ്ടത്. തലസ്ഥാന നഗത്തിന്റെ ഭാവി വികസനത്തിനുള്ള പ്രവർത്തനങ്ങൾക്കാവും മുൻതൂക്കം.

പാലോട് രവി, പ്രസിഡന്റ്,​ ഡി.സി.സി

തരൂർ എന്ന ടൂറിസ്റ്റ്

വിദേശികൾ വിനോദസഞ്ചാരത്തിന് വരുന്നതു പോലെയാണ് മണ്ഡലത്തിൽ എം.പിയുടെ സാന്നിദ്ധ്യം. കഴിഞ്ഞ തവണ കോർപ്പറേഷൻ പരിധിയിൽ 6000 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം. ബാക്കി തീരമേഖലയിൽ നിന്നായിരുന്നു. കേന്ദ്ര മന്ത്രിയായിരുന്നപ്പോഴും എം.പി ആയപ്പോഴും തീരമേഖലയെ അദ്ദേഹം പാടെ അവഗണിച്ചു. കേന്ദ്ര പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ ഒരു ശ്രമവും നടത്തിയില്ല.

വി.വി.രാജേഷ്, ജില്ലാ പ്രസിഡന്റ്, ബി.ജെ.പി

സമ്പൂർണ പരാജയം

വികസന കാര്യങ്ങളിൽ ഒരു ശ്രദ്ധയും കാട്ടാത്ത തരൂർ പൂർണ്ണ പരാജയമാണ്. എയർപോർട്ട് സ്വകാര്യവത്കരിച്ചു. ഹിന്ദുസ്ഥാൻ ലാറ്രക്സ് സ്വകാര്യവത്കരണത്തിന് ഒരുങ്ങുന്നു. നേമം റെയിൽവേ ടെർമിനലിന്റെ വികസനം ഏറെക്കുറെ അവസാനിച്ചു. എന്നിട്ടും ഇതിനെതിരെ പാർലമെന്റിലോ പുറത്തോ ശബ്ദിക്കാൻ പോലും തരൂർ തയ്യാറായിട്ടില്ല. 15 വർഷമായി മണ്ഡലത്തിൽ എടുത്തുകാട്ടാൻ ഒരു പദ്ധതിയും തുടങ്ങിയിട്ടില്ല.

മാങ്കോട് രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി, സി.പി.ഐ

2019ലെ വോട്ട്

ശശിതരൂർ (കോൺഗ്രസ് )……………………..4,16,131 ( ശതമാനം 41.19 )

കുമ്മനംരാജശേഖരൻ (ബി.ജെ.പി)……..3,16,142 (ശതമാനം 31.30)

സി.ദിവാകരൻ (സി.പി.ഐ)……………………2,58,556(ശതമാനം 25.60)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...