അയോദ്ധ്യ: വിപുലമായ സജീകരണങ്ങളോടെ അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാചടങ്ങിനായി ഒരുങ്ങുന്ന രാമ ക്ഷേത്രത്തെക്കുറിച്ചുളള വിശേഷങ്ങളാണ് ദിവസേന വാർത്തകളിൽ ഇടംപിടിക്കുന്നത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നും പൂർണമായ പിന്തുണകൾ രാമക്ഷേത്രത്തിന് ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ക്ഷേത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടുളള ചില വിവരങ്ങളാണ് പുറത്തുവരുന്നത്.
രാമക്ഷേത്ര നിർമാണത്തിനായി കമ്പിയോ സ്റ്റീലോ ഉപയോഗിച്ചിട്ടില്ലെന്നാണ് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാനായ ശ്രീ നൃപേന്ദ്ര മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞത്. പകരം പാരമ്പര്യ തനിമ ഉൾക്കൊണ്ടിട്ടുളള കെട്ടിടനിർമാണ രീതിയാണ് അയോദ്ധ്യയിൽ സ്വീകരിച്ചിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻപ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ നിർമാണം നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയതായിരുന്നുവെന്ന് മിശ്ര പറയുന്നു.
മറ്റെവിടെയും ഇന്നുവരെ കാണാത്ത തരത്തിലുളള തയ്യാറെടുപ്പുകളാണ് ക്ഷേത്രത്തിന്റെ നിർമാണത്തിനായി ഒരുക്കിയത്. രാജ്യത്തെ തന്നെ പ്രസിദ്ധ ശാസ്ത്രജ്ഞരുടെയും ഐഎസ്ആർഒയിൽ പരീക്ഷിക്കുന്ന നിരവധി സാങ്കേതികവിദ്യകളും നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിദ്ധ വാസ്തുവിദ്യാ വിദഗ്ദ്ധനായ ചന്ദ്രകാന്ത് സോമപുരയാണ് ക്ഷേത്രത്തിന്റെ മാതൃക തയ്യാറാക്കിയിരിക്കുന്നത്. നാഗർശൈലി അല്ലെങ്കിൽ ഉത്തരേന്ത്യൻ വാസ്തുവിദ്യാ രീതികളാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകത്തുളള ഒരു സ്ഥലത്തും ഇത്തരത്തിലുളള ക്ഷേത്രം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മിശ്ര പറഞ്ഞു.