പൂച്ചാക്കൽ: മാക്കേക്കടവ് -നേരേകടവ് പാലം നിർമാണം പൂർത്തിയാക്കൽ വൈകാൻ സാധ്യത. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സ് പൂർത്തിയാകാത്ത പാലത്തിന്റെ തൊട്ടടുത്ത പഞ്ചായത്തിലാണ് നടന്നത്.
മന്ത്രിമാരെല്ലാം ബസിൽ സഞ്ചരിച്ചത് പാലത്തിന്റെ അരികിലെ റോഡിലൂടെയാണ്. പാലം ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ പാണാവള്ളി പഞ്ചായത്തിലെ അരയങ്കാവ് ക്ഷേത്രമൈതാനിയിൽ നടന്ന നവകേരള സദസ്സിൽ ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയോ ഉത്തരവാദിത്തപ്പെട്ട മറ്റ് മന്ത്രിമാരോ വിഷയത്തിൽ ആശാവഹമായ പ്രഖ്യാപനം നടത്തുമെന്നും നാട്ടുകാർ പ്രതീക്ഷിച്ചു. എന്നാൽ, ഒന്നുമുണ്ടായില്ല. പാലം നിർമാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ആയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
പുതുക്കിയ എസ്റ്റിമേറ്റ് സംബന്ധിച്ച നിർദേശം പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിന് നൽകിയിട്ട് മാസങ്ങളായി. 2016ലാണ് പാലം നിർമാണം തുടങ്ങിയത്. ഒന്നര വർഷത്തോളം നിർമാണം നടന്നെങ്കിലും അപ്പ്രോച്ച് റോഡിനുള്ള സ്ഥലം ലഭിക്കാത്തത് മൂലം പ്രവൃത്തി നിലക്കുകയായിരുന്നു.
അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് കഴിഞ്ഞിട്ടുണ്ട്. ഉടമകൾക്ക് സ്ഥലത്തിന്റെ തുകയും നൽകിവരുന്നു. പണിയുടെ കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്ക് വർധിപ്പിച്ച കരാർ തുക നൽകിയാൽ നിർമാണം ആരംഭിക്കും.
സാമ്പത്തിക പ്രതിസന്ധി മൂലം തുക നൽകാൻ കഴിയാത്തതാണ് തടസ്സത്തിന് കാരണമെന്നറിയുന്നു. നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രം കയറുന്ന ചങ്ങാടത്തിലൂടെയാണ് ഇവിടത്തെ യാത്ര.
മറ്റുവാഹന യാത്രക്കാർ തണ്ണീർമുക്കം ബണ്ടിലൂടെ യാത്രചെയ്യണം. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും പ്രവൃത്തി ആരംഭിക്കാനുള്ള തത്രപ്പാടിലായിരുന്നു ജനപ്രതിനിധികൾ.