കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുത പോസ്റ്റില്‍ ഒന്നില്‍ കൂടുതല്‍ കേബിളുകള്‍ വലിച്ചാല്‍ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കുമെന്നും അല്ലാത്ത പക്ഷം കേബിളുകൾ അഴിച്ചുമാറ്റും എന്ന കേരള വൈദ്യുത ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് പിന്നില്‍ സംസ്ഥാനത്തെ കേരളവിഷന്‍ പോലുള്ള ചെറുകിട കേബിള്‍ – ബ്രോഡ്ബാന്‍ഡ് ഓപ്പറേറ്റര്‍മാരെ തകര്‍ത്ത് ചില വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെ സഹായിക്കുക എന്ന ലക്ഷ്യമാണ്.
ഡിജിറ്റല്‍ കേബിള്‍ ടിവി – ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് നടത്താന്‍ ട്രങ്ക് – ഡിസ്ട്രിബ്യൂഷന്‍ – ഡ്രോപ്പ് ആവശ്യങ്ങള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ കേബിളുകള്‍ ഉപയോഗിക്കേണ്ടി വരുന്നതിന്റെ ആവശ്യകതയും സാഹചര്യവും അറിയാത്തവരല്ല സാങ്കേതിക വിദഗ്ധരായ ഉന്നത കെഎസ്ഇബി ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളും. വൻകിട കോർപ്പറേറ്റ് കമ്പനികൾ 98 ഉം 142 ഉം ഫൈബറുകളുള്ള ഏക കേബിളാണ് ഒറ്റയടിക്ക് സ്ഥാപിക്കുന്നതെങ്കിൽ, ചെറുകിട സംരംഭകർ ഘട്ടം ഘട്ടമായി നാലൊ അഞ്ചൊ കേബിളിലൂടെയാണ് 24 – 30 ഫൈബറുകൾ സ്ഥാപിച്ചിരിക്കുന്നത്.
മുന്‍പ് വൈദ്യുത പോസ്റ്റിലൂടെ കേബിള്‍ വലിക്കാന്‍ ഒരു സ്ഥാപനത്തിന് മാത്രമായി അനുവാദം ചുരുക്കിയതും, റിലയന്‍സ് ജിയോ പോലുള്ള കമ്പനികള്‍ ഈ ആവശ്യവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയേയും സര്‍ക്കാറിനേയും സമീപിച്ചപ്പോഴാണ് ഒരു പോസ്റ്റിലൂടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് നയം സ്വീകരിച്ചത്.
17 രൂപയായി നിശ്ചയിച്ചിരുന്ന വാടക പിന്നീട് വര്‍ഷം തോറും വര്‍ധിപ്പിച്ച് 450 രൂപയ്ക്ക് മുകളിലെത്തിയിരുന്നത് സിഒഎ നല്‍കിയ നിവേദനത്തെ തുടര്‍ന്ന്, സര്‍ക്കാര്‍ സബ് കമ്മിറ്റിയെ നിയോഗിച്ച് പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരങ്ങളില്‍ 300 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 145 രൂപയുമായി പുനര്‍നിശ്ചയിക്കുകയും വാര്‍ഷിക വര്‍ധനവ് 3 ശതമാനമാക്കി കുറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനം അട്ടിമറിക്കാൻ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസിന്റെ പേരില്‍ പഴയ നിരക്ക് തന്നെ ഈടാക്കുന്ന സമീപനമാണ് KSEBL കൈക്കൊണ്ടത്. ഇത് പരിഹരിക്കുന്നതിനുള്ള കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ അഭ്യര്‍ത്ഥന സര്‍ക്കാറിന്റേയും ബോര്‍ഡിന്റെയും പരിഗണനയിലുള്ളപ്പോഴാണ് പുതിയ തീരുമാനവുമായി KSEBL മുന്നോട്ട് വന്നിരിക്കുന്നത്. ഈ തീരുമാനം നടപ്പിലാക്കിയാൽ കേരളത്തിലെ ഭൂരിപക്ഷം വീടുകളിലും സ്ഥാപനങ്ങളിലും കേബിൾ ടിവി, ഇൻ്റർനെറ്റ് സർവ്വീസ് തടസ്സപ്പെടുമെന്നുറപ്പാണ്. ഇതിൻ്റെ ഗുണം ലഭിക്കുക ജിയൊ പോലുള്ള വൻകിട കോർപ്പറേറ്റുകൾക്കാണ്.
ഇന്റര്‍നെറ്റ്
അവകാശമായി പ്രഖ്യാപിച്ച, സ്റ്റാര്‍ട്ടപ്പുകളേയും ചെറുകിട സംരംഭങ്ങളേയും ഡിജിറ്റല്‍ സേവനങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുന്നതുൾപ്പെടെയുള്ള നയം സര്‍ക്കാര്‍ നടപ്പിലാക്കുന്ന നമ്മുടെ സംസ്ഥാനത്താണ് ഇന്‍ഫര്‍മേഷന്‍ – കമ്യൂണിക്കേഷന്‍ – മാധ്യമ മേഖലയുടെ ഭാഗമായ ചെറുകിട കേബിള്‍ ടിവി – ബ്രോഡ്ബാന്‍ഡ് സംരംഭകരോട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള KSEBL ഈ രീതിയിലുള്ള നടപടി സ്വീകരിക്കുന്നത്. ഇന്റര്‍നെറ്റ് വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉപയോഗിക്കുന്ന പോസ്റ്റുകളുടെ വാടക (റൈറ്റ് ഓഫ് വേ) 100 രൂപയായി നിജപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി അനുകൂല നിലപാടിനായി കാത്തിരിക്കുമ്പോള്‍ KSEBL സ്വീകരിക്കുന്ന ഇത്തരം നടപടികളെ സംശയത്തോടെ മാത്രമേ നിരീക്ഷിക്കുവാൻ സാധിക്കുകയുള്ളു.
KSEBL നിലപാടില്‍ പ്രതിഷേധിച്ച് ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുവാനാണ് സിഒഎ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 31 കരിദിനമായി ആചരിക്കുവാനും ജില്ലകള്‍ കേന്ദ്രീകരിച്ച് KSEBL ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ സമരം നടത്തുവാനും തീരുമാനിച്ചിരിക്കുകയാണ് സി ഒ എ.