പട്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ഇന്ത്യ സഖ്യത്തിനെതിരെയും ആഞ്ഞടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ സഖ്യത്തിന് ഒരിക്കലും ഇൻഡ്യ എന്ന് പേര് നൽകരുതായിരുന്നുവെന്ന് നിതീഷ് വിമർശിച്ചു. സഖ്യത്തിനായി മറ്റൊരു പേര് വേണമെന്ന് നിർദേശിച്ചിരുന്നുവെന്നും എന്നാൽ അവർ ഇൻഡ്യ എന്ന പേരിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്നും നിതീഷ് പറഞ്ഞു. ”ഞാൻ കഠിനമായി പരിശ്രമിച്ചു. എന്നാൽ അവർ ഒന്നും ചെയ്തില്ല. സഖ്യത്തിൽ അംഗങ്ങളായ പാർട്ടികൾ എത്ര സീറ്റിൽ മത്സരിക്കണമെന്ന കാര്യത്തിൽ അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടാണ് ഞാൻ ഇൻഡ്യ സഖ്യം വിട്ടത്. ബിഹാറിലെ ജനങ്ങൾക്കു വേണ്ടി വീണ്ടും പ്രവർത്തിക്കും. ”-നിതീഷ് കുമാർ വ്യക്തമാക്കി.
ബിഹാറിലെ ജാതി സെൻസസിന്റെ വ്യാജ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് രാഹുൽ ഗാന്ധിയെന്നും നിതീഷ് ആരോപിച്ചു.
”ജാതി സെൻസസ് നടന്നതിനെ കുറിച്ച് അദ്ദേഹം മറന്നുപോയി. 2019-20 ൽ ഒമ്പതു പാർട്ടികളുടെ സാന്നിധ്യത്തിലാണ് ഞാനത് നടത്തിയത്. നടന്നുകഴിഞ്ഞ ഒരു കാര്യത്തിന്റെ ക്രെഡിറ്റ് എടുക്കുമെന്ന് പറഞ്ഞുനടക്കുന്ന അദ്ദേഹത്തെ പറ്റി എന്താണ് പറയുക.”-നിതീഷ് ചോദിച്ചു.
അതിനിടെ, നിതീഷ് കുമാർ ബി.ജെ.പിയുമായി ചേർന്ന് ബിഹാറിൽ സർക്കാരുണ്ടാക്കിയതിന് ജനതാദൾ യുനൈറ്റഡ് കോൺഗ്രസിനെ പഴിചാരി. ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രിയായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മല്ലികാർജുൻ ഖാർഗെയെ നിർദേശിച്ചത് സഖ്യത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നുവെന്ന് ജനതാദൾ നേതാവ് കെ.സി. ത്യാഗി ആരോപിച്ചു. നിതീഷ് കുമാറിന്റെ രാഷ്ട്രീയ നീക്കത്തെ ഓന്തിന്റെ നിറംമാറ്റത്തോടാണ് കോൺഗ്രസ് ഉപമിച്ചത്.