പട്ടിക്കാട്: മുള്ള്യാകുർശ്ശിയിൽ ആടിനെ കടിച്ചുകൊണ്ടു പോയത് പുലി തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ പ്രദേശത്ത് കാമറ സ്ഥാപിച്ച് വനം വകുപ്പ്. ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഭാഗത്താണ് കെണി സ്ഥാപിച്ചത്. വെള്ളിയാഴ്ച രാവിലെ 10ഓടെ വനം വകുപ്പ്, റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) അധികൃതർ സ്ഥലത്ത് വിശദ പരിശോധന നടത്തി.
ആടിനെ കടിച്ചുകൊണ്ടുപോയ സ്ഥലത്തുനിന്ന് മീറ്ററുകൾക്കകലെ നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തി. ആടിനെ ഭാഗികമായി ഭക്ഷിച്ച നിലയിലാണുള്ളത്. ബി.എഫ്.ഒമാരായ എൻ.വി. രഞ്ജിത്ത്, പി. ധന്യരാജ് എന്നിവരും ഡ്രൈവർ അനീഷ് ബാബു, റെസ്ക്യൂ വാച്ചർ സാദിഖലി എന്നിവരുമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
കഴിഞ്ഞ ദിവസമാണ് ആടുകളെ മേയ്ക്കുന്നതിനിടെ കൺമുന്നിൽനിന്ന് ആടിനെ പുലി കടിച്ചുകൊണ്ടുപോയതായി ഉടമ പറഞ്ഞത്. മുള്ള്യാകുർശ്ശി മേൽമുറിയിലെ റബർതോട്ടത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. മാട്ടുമ്മതൊടി ഹംസയുടെ ആടിനെയാണ് കൊണ്ടുപോയത്. മുമ്പും നിരവധി ആടുകളെ പ്രദേശത്തുനിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്.