മരിച്ചുവെന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചതിൽ മാപ്പ് പറഞ്ഞ് നടിയും മോഡലുമായ പൂനം പാണ്ഡെ. താൻ മരിച്ചിട്ടില്ലെന്നും സെര്‍വിക്കല്‍ കാൻസറിന്റെ ബോധവത്കരണത്തിന്റെ ഭാഗമായാണ് അങ്ങനെയൊരു പോസ്റ്റിട്ടതെന്നും നടി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ആരാധകരോട് ക്ഷമ ചോദിച്ചത്. കൂടാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് താനാണെന്നും താരം കൂട്ടിച്ചേർത്തു.
‘എല്ലാവരും എന്നോട് ക്ഷമിക്കണം, ഞാന്‍ സൃഷ്ടിച്ച കോലാഹലത്തിനും വേദനിപ്പിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ച സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണ വാർത്തയിലൂടെ എല്ലാവരേയും കബളിപ്പിച്ചു. അതു അങ്ങേയറ്റമാണെന്ന് എനിക്ക് അറിയാം. പക്ഷെ പെട്ടെന്ന് നമ്മൾ എല്ലാവരും സെർവിക്കൽ കാൻസറിനെക്കുറിച്ചു സംസാരിച്ചു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു.
നിശ്ശബ്ദമായി ജീവനെടുക്കുന്ന ഒരു രോഗമാണിത്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവര്‍ന്നിട്ടുണ്ട്. മറ്റു കാന്‍സറിനെപ്പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാം. എച്ച്.പി.വി വാക്സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകുക’- പൂനം പറഞ്ഞു.