കോഴിക്കോട്: ബാബരി മസ്ജിദ് പൊളിച്ചത് കർസേവകരാണെങ്കിൽ ഇന്ന് ഭരണകൂടം നേരിട്ട് കർസേവകരുടെ ദൗത്യം ഏറ്റെടുക്കുകയാണെന്ന് ഫ്രറ്റേണിറ്റി യൂത്ത് മൂവ്മെന്റ്. മുമ്പ് ബാബരിയിലും ഇപ്പോൾ ഗ്യാൻവാപിയിലും നിയമസംവിധാനങ്ങൾ ഹിന്ദുത്വ പൊതുബോധത്തിന് അനുസൃതമായി പെരുമാറുമ്പോൾ സാമൂഹിക പ്രക്ഷോഭങ്ങളിലൂടെ മാത്രമാണ് ഭരണഘടന വിഭാവന ചെയ്ത നീതിപൂർവ്വവും ആത്മാഭിമാനത്തോടെയുള്ള ജീവിതവും ഇന്ത്യയിലെ ഓരോ സമുദായങ്ങൾക്കും സാധ്യമാവുകയെന്ന് ഫ്രറ്റേണിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്‍റ് കെ.എം.ഷെഫ്റിൻ പറഞ്ഞു.
ഭരണകൂടം ഹിന്ദുത്വ വംശീയതയെ മറയില്ലാതെ നടപ്പാക്കുമ്പോൾ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിലൂടെ അതിനെ പ്രതിരോധിക്കണമെന്നും, മണ്ഡൽ പ്രക്ഷോഭ സന്ദർഭത്തിലുണ്ടായ സാമൂഹിക നീതിക്കായുള്ള കൂട്ടായ്മ വീണ്ടും രൂപപ്പെടണമെന്നും ഷെഫ്റിൻ കൂട്ടിച്ചേർത്തു.
കോഴിക്കോട് എൻ. ഐ. ടിയലടക്കം ഹിന്ദുത്വ വംശീയ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർത്ഥിക്കെതിരെ നടപടിയുണ്ടാകുന്നതും ഇവിടത്തെ മുഖ്യധാര പ്രതിപക്ഷ പാർട്ടികളിൽ നിന്നും തുടർച്ചയായി കൊണ്ടിരിക്കുന്ന നിശബ്ദ മനോഭാവവും ഇത്തരം ഒരു സാമൂഹിക മുന്നേത്തിന്റെ ആവശ്യകതയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ആത്മാഭിമാനത്തോടെയുള്ള ജീവിതം ഇന്ത്യയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും സാധ്യമാവുകയെന്ന ആശയം മുൻനിർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഡിഗ്നിറ്റി കോൺഫറൻസ് ഫെബ്രുവരി ഞായറാഴ്ച കോഴിക്കോട് ഫറോക്കിൽ നടക്കും. ഭരണകൂടവേട്ടക്കും ഹിന്ദുത്വ വംശീയതക്കും എതിരെ വ്യത്യസ്ത സമുദായങ്ങൾ ചേർന്ന് കൊണ്ടുള്ള സാഹോദര്യത്തിലധിഷ്ഠിതമായ ഒരു സാമൂഹിക ഐക്യത്തെ വിഭാവന ചെയ്യുന്ന കോൺഫറൻസ് വംശഹത്യാ രാഷ്ട്രീയത്തിന് ഇരകളായിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യ സമ്മേളനം കൂടിയായിരിക്കും. ഗുജറാത്ത് വംശഹത്യക്ക് പിന്നിൽ നരേന്ദ്ര മോദിയാണെന്ന സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ ഹിന്ദുത്വ ഭരണകൂടം ജയിലഴിക്കുള്ളിലാക്കിയ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടാണ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുക.