സമൂഹമാധ്യമത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മർദനമേറ്റ സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. രണ്ട് സ്ത്രീകളും ഇതിൽ ഉൾപെട്ടിട്ടുണ്ട്. രണ്ട് കേസുകളിലായാണ് അറസ്റ്റ്.
കൊല്ലം കരുനാഗപ്പള്ളി ചവറ ചോലെപ്പാടം ഭാഗത്ത് വിഷ്ണുഭവനം വീട്ടിൽ ദീലിപ് കുമാറിന്റെ ഭാര്യ ദീപ (37), മകൻ പ്രണവ് (19), പ്രണവിന്റെ സുഹൃത്തുക്കളായ ചവറ വടക്കുംതല കിരൺ ഭവനത്തിൽ കിരൺ (19), തേവലക്കര നല്ലതറ വടക്കതിൽ വീട്ടിൽ അഖിൽ (19), ചവറ വടക്കുംതല രജനീഷ് ഭവനത്തിൽ രജനീഷ് (22), ചവറ വടക്കുംതല കിഴക്കതിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരെയും കണ്ണമംഗലം ചെട്ടികുളങ്ങര പഞ്ചായത്ത് രണ്ടാംവാര്ഡിൽ തോട്ടുകണ്ടത്തിൽ വീട്ടിൽ സതീഷ് (43), ഭാര്യ സുസ്മിത (40), സതീഷിന്റെ ഇളയസഹോദരൻ സുരേഷ് (41) എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 10.30ന് മറ്റം തെക്ക് വടയിരേത്ത് വീടിനുസമീപമാണ് സംഭവം. കരുനാഗപ്പള്ളിയിൽനിന്ന് എത്തിയ സംഘവും മറ്റം തെക്ക് വടയിരേത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന സതീഷും കുടുംബവും തമ്മിലായിരുന്നു തർക്കുവും സംഘർഷവുമുണ്ടായത്. ദീപയുടെ മകൻ വിവാഹം കഴിക്കാനിരിക്കുന്ന പെൺകുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റ് ഇട്ടത് ചോദിക്കാനെത്തിയതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 11പേർക്കെതിരെയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ എബി വർഗീസ്, സിയാദ്, എം.എസ്. എബി, എ.എസ്.ഐ സജു മോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിബു, ശാലിനി, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ സജീർ, അനൂപ് എന്നിവർ നേതൃത്വം നൽകി.#instagram