അടൂർ: അധികൃതരുടെ അലംഭാവംമൂലം പ്രധാന പൈപ്പ് ലൈനിൽനിന്ന് വെള്ളം പാഴാകുന്നു. അടൂർ നഗരത്തിലെ പഴയ പാലത്തിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ വലിയ പൈപ്പുകൾ ചേരുന്ന ഭാഗത്തുനിന്നാണ് വെള്ളം പാഴാകുന്നത്.
മാസങ്ങളായി ഇത് തുടരുകയാണ്. പറക്കോട് ചിരണിക്കൽ ജലശുദ്ധീകരണ പ്ലാന്റിൽനിന്ന് അടൂർ നഗരസഭ പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പിൽനിന്നാണ് വെള്ളം പാഴാകുന്നത്. പ്ലാസ്റ്റിക് ചാക്കുകൊണ്ട് കെട്ടിമറച്ചതിനാൽ വെള്ളം പാഴാകുന്നത് ഒറ്റനോട്ടത്തിൽ കാണാൻ കഴിയില്ല. നേരത്തേ ഇവിടെ പൈപ്പ് പൊട്ടിയപ്പോൾ ഈ ഭാഗം ചാക്കുകൊണ്ട് അധികൃതർ മറച്ചു.
പലതവണ വാട്ടർ അതോറിറ്ററി ജീവനക്കാരെ ഈ വിവരം അറിയിച്ചിട്ടും ഫലംകണ്ടില്ല. എം.സി റോഡിൽ കേരള ബാങ്കിന് മുന്നിലും പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ജലക്ഷാമം രൂക്ഷമായി ജനം വെള്ളത്തിനായി കാത്തിരിക്കുമ്പോഴാണ് അധികൃതർ കെടുകാര്യസ്ഥത തുടരുന്നത്. നഗരത്തിലെ എം.സി റോഡിലും കെ.പി റോഡിലും ഉൾപ്രദേശങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ഫ്ലാറ്റുകളിലും വാടകവീടുകളിലും കടകളിലുമുള്ളവർ വാട്ടർ അതോറിറ്റിയുടെ കണക്ഷൻ എടുത്തിട്ടുണ്ടെങ്കിലും വിലകൊടുത്തു വെള്ളം വാങ്ങേണ്ട സ്ഥിതിയാണ്.