കൊല്ലം: സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ ആവിഷ്കരിക്കുമെന്നും സംസ്ഥാനത്തെ ടൂറിസം മേഖലയിൽ 5000 കോടിയുടെ നിക്ഷേപ വികസന പദ്ധതി നടപ്പാക്കുമെന്നുമുള്ള ധനമന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപനം കൊല്ലത്തിനും പ്രതീക്ഷ നൽകുന്നതാണ്. കൊല്ലത്തിനും നിരവധി ടൂറിസം പദ്ധതികൾക്കായി സസ്ഥാന ബജറ്റിൽ തുക വകയിരുത്തി. 20 തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ 500ലധികം ആളുകൾക്ക് ഒത്തുചേരാനുള്ള സൗകര്യം സജ്ജമാക്കാനായി 50 കോടിയാണ് ബജറ്റിൽ പ്രഖ്യാപനം.
ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ കൊല്ലം, മൺറോത്തുരുത്ത് എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കുക. സംസ്ഥാന വ്യാപകമായി ലീസ് സെന്റർ തുടങ്ങൻ 10 കോടി ബജറ്റിൽ നീക്കിവെച്ചു. സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും. ഇതിലേക്ക് സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി തെന്മല ഇക്കോ ടൂറിസം പദ്ധതിക്കായി രണ്ടുകോടിയും. ഇക്കോടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 1.90 കോടിയും ഉത്തരവാദിത്ത ടൂറിസം മേഖലക്കായി 15 കോടിയും വകയിരുത്തി. രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മല ഇക്കോ ടൂറിസം പദ്ധതി. ജില്ലയുടെ ടൂറിസ ഭൂപടത്തിൽ പ്രധാന പങ്കുവഹിക്കുന്ന കായൽത്തീരങ്ങളെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കൽ, ജലോത്സവങ്ങൾ, പരമ്പരാഗത ഉത്സവങ്ങളുടെ പ്രോത്സാഹനം, സംരക്ഷണം, വള്ളംകളിയെ അന്താരാഷ്ട്ര നിലവാരമുള്ള കായികയിനമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടുകൂടി സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി ബോട്ട് ലീഗിനായി 9.96 കോടി വകയിരുത്തുന്നു.
കൊല്ലം-അഷ്ടമുടി, ആലപ്പുഴ-വേമ്പനാട് കായൽ ടൂറിസം പദ്ധതിക്ക് പുതുതായി രണ്ട് ഒരു സോളാർബോട്ട് അനുവദിച്ചു. ഇതിനുവേണ്ടി പുതുതായി ഒരു സോളാർബോട്ട് അനുവദിച്ചു. വിനോദസഞ്ചാര മേഖലയിലെ സ്ഥാപനങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി 351.42 കോടിയും കെ.ടി.ഡി.സിക്ക് 12 കോടിയും നീക്കിവെച്ചു. ടൂറിസം ഡെസ്റ്റിനേഷനുകളിൽ റിഫ്രഷ്മെന്റ് സൗകര്യങ്ങൾ, ഇൻഫർമേഷൻ കിയോസ്കുകൾ, ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ട്രാവൽ ലോഞ്ചുകൾ നിർമിക്കുന്നതാണ്.