പത്തനംതിട്ട: പത്തനംതിട്ടയിൽ സജീവമായി മുൻമന്ത്രി തോമസ് ഐസക്. തിരുവല്ലയിൽ നടത്തിയ ആഗോള പ്രവാസി സംഗമത്തിന്‍റെ തുടർച്ചയായി യുവാക്കളെ ലക്ഷ്യമിട്ടുള്ള തൊഴിൽ മേളയും പാലിയേറ്റീവ് കെയർ പ്രവർത്തനവുമൊക്കയായി തോമസ് ഐസക് കൂടുതൽ സജീവമാകുകയാണ്. പത്തനംതിട്ട പഴയ പത്തനംതിട്ട അല്ലെന്നും എൽഡിഎഫ് അനായാസമായി ജയിക്കുമെന്നും ഐസക് പറഞ്ഞു.
മൈഗ്രേഷൻ കോൺക്ലേവ് എന്ന പ്രവാസി സംഗമത്തിലൂടെ തിരുവല്ലയിൽ തോമസ് ഐസക് ലാൻഡ് ചെയ്തു. പിന്നാലെ മറ്റ് നിയോജക മണ്ഡലങ്ങളിലേക്ക് ചുവടുമാറ്റത്തിനാണ് കോൺക്ലേവിന്‍റെ തുടർച്ചയെന്ന പേരിൽ പരിപാടികൾ. സ്വകാര്യ സ്ഥാപനങ്ങുളുമായി ചേർന്ന് 48,000 യുവാക്കൾക്ക് തൊഴിൽ നൽകുമെന്നാണ് പ്രഖ്യാപനം. മൈഗ്രേഷൻ കോൺക്ലേവിന്‍റെ വെബ്സൈറ്റ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.തീർന്നില്ല, ആലപ്പുഴയിൽ എംഎൽഎ ആയിരുന്ന കാലത്ത് ഐസക് നടപ്പാക്കിയ ജനകീയ പരിപാടികൾ പുതിയ രൂപത്തിൽ പത്തനംതിട്ടയിലും അവതരിപ്പിക്കുന്നു.