ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേൽക്കൂര ഇടിഞ്ഞുവീണും ഫാൻ ഇളകി വീണുമൊക്കെ പരിക്കേൽക്കുന്ന സംഭവങ്ങൾ നിരവധിയാണ്. എന്നാൽ തകർന്നു വീണ വിമാനത്തിന്റെ ഭാഗം തെറിച്ചുവീണ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാൾക്ക് പരിക്കേൽക്കുന്ന സംഭവം അപൂർവമാണ്. അങ്ങനെയൊരു അത്യപൂർവ സംഭവം ഉണ്ടായത് അമേരിക്കയിലാണ്. റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികനാണ് വിമാനത്തിന്റെ ലോഹഭാഗം തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്. അരക്കിലോമീറ്ററോളം അകലെ തകർന്നു വീണ വിമാനത്തിന്റെ ഭാഗമാണ് ഇത്രയും ദൂരേക്ക് തെറിച്ചു വീണത് എന്നറിയുമ്പോഴാണ് അപകടത്തിന്റെ വ്യാപ്തി വ്യക്തമാകുക.പരിക്കേറ്റെങ്കിലും അദ്ദേഹത്തിന്റെ ജീവൻ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമെന്നാണ് അവിടെയുണ്ടായിരുന്നവർ പറയുന്നത്. ഈ സംഭവത്തിന്റെ ഞെട്ടിക്കുന്ന 16 സെക്കന്റ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
അമേരിക്കയെ നടുക്കി രണ്ട് വ്യോമയാന ദുരന്തങ്ങളാണ് കഴിഞ്ഞയാഴ്ച്ച ഉണ്ടായത്. ബുധനാഴ്ച്ച യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേരാണ് കൊല്ലപ്പെട്ടത്. അതിനു തൊട്ടുപിന്നാലെ ഫിലാഡൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണ് അപകടമുണ്ടായിരുന്നു. ആറു പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. രോഗിയുമായി പോയ എയർ ആംബുലൻസാണ് തകർന്നത്.
ഈ ചെറുവിമാനത്തിന്റെ ലോഹഭാഗമാണ് തെറിച്ച് റസ്റ്റോറന്റിൽ ഡിന്നർ കഴിക്കാനായി ഇരുന്ന വയോധികന്റെ തലയിൽവന്നു പതിച്ച് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ തൊപ്പി തെറിച്ച് പോകുന്നതും ഒരു വശത്തേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. തലയിൽ കൈവച്ചാണ് അദ്ദേഹം വീഴുന്നത്. അപ്രതീക്ഷിതമായുണ്ടായ സംഭവം ആക്രമണമെന്നാണ് അവിടെയുണ്ടായിരുന്നവർ കരുതിയത്. പലരും മേശയ്ക്കടിയിലും മറ്റുമായി ഒളിച്ചു.