ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ മാസം 18-ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് താരത്തിന്റെ ആരോഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു.ആശുപത്രി വിട്ട വിജയകാന്ത് ഒരാഴ്ചമുമ്പ് ചെന്നൈയിൽ നടന്ന ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ ഡിഎംഡികെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.2016 മുതൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയാണ് അദ്ദേഹം.1952 ഓഗസ്റ്റ് 25ന് മധുരയിൽ കെ.എൻ.അളഗർസ്വാമിയും ആണ്ടാൾ അളഗർസ്വാമിയുടെയും മകനായിട്ടായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളഗർസ്വാമി എന്നാണ് ഔദ്യോഗിക പേര്.1979 ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെ വില്ലനായാണ് വിജയകാന്ത് സിനിമലോകത്തേയ്ക്ക് അരങ്ങേറിയത്. 1981 ൽ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന് ഖ്യാതി നേടികൊടുത്തത്.എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച താരമായിരുന്നു വിജയകാന്ത്. തുടരെ തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്.ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ്. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത. മക്കൾ ഷണ്മുഖ പാണ്ഡ്യൻ, വിജയ പ്രഭാകരൻ.#vijayakanth