സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തിയ്ക്കാൻ അനുമതി നൽകികൊണ്ടുള്ള സർക്കാർ തീരുമാനത്തിനെതിരെ എ ഐ എസ് എഫ്. ഇതേ സംബന്ധിച്ചു വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തിയിട്ടില്ലെന്നും സർക്കാരിന്റെ അധീനതയിലുള്ള സർവ്വകലാശാലകൾ അല്ലാത്തതിനാൽ തന്നെ ഫീസ് അമിതമായി ഉയരാൻ സാധ്യതയുണ്ടെന്നും എ ഐ എസ് എഫ് വ്യക്തമാക്കി. ഇടതു പക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങളെ തകർക്കുന്നതുപോലെയുള്ള നിയമങ്ങളെയും ബില്ലുകളെയും എതിർക്കുമെന്നും അതിനെതിരെ ശക്തമായി സമരം ചെയ്യുമെന്നും എ ഐ എസ് എഫ് പറഞ്ഞു. ബിൽ വരുന്ന 13 നു ആണ് സഭയിൽ അവതരിപ്പിക്കുന്നത്.
സ്വകാര്യവത്കരണത്തിലൂടെ വിദ്യാഭ്യാസം കേവലം കച്ചവട ചരക്കായി മാറുമെന്നും കാമ്പസിനുള്ളിൽ സംഘടനാ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അതിലൂടെ വിദ്യാർത്ഥികളെ മാനേജ്മെന്റുകൾക് അടിച്ചമർത്താനും സാധിക്കുമെന്നും അമിതമായ ഫീസ് വർധന പല മേഖലകളിലും ഉണ്ടാകുമെന്നും എല്ലാമുള്ള ആശങ്കകൾ നിലനിൽക്കെയാണ് ഈ തീരുമാനത്തോട് എ ഐ എസ് എഫ് വിയോജിക്കുന്നത്. വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി ഇത്തരത്തിലുള്ള ആശങ്കകൾ പരിഹരിക്കുക, മെറിറ്റും ജനാധിപത്യവും സ്വകാര്യ സർവകലാശാലകളിൽ ഉറപ്പു വരുത്തുക എന്നിവയെല്ലാം അനുമതി നൽകും മുന്നേ തന്നെ ഉറപ്പാക്കേണ്ടതാണ്. സമാന ആവശ്യങ്ങൾ എസ് എഫ് ഐയും ഉയർത്തിയിരുന്നു.