ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാർ ഇടപെടണമെന്നും ഒത്തുതീർപ്പിലേക്ക് നയിക്കണമെന്നും മുതിർന്ന സി പി ഐ നേതാവ് ആനി രാജ. സമരത്തിന് പിന്നിൽ അരാജകശക്തികളാണെന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ പ്രസ്താവന എന്തു കൊണ്ടാണ് എന്ന് അദ്ദേഹത്തോട് ചോദിക്കണം. നേരത്തെ ഇവരുടെ സമരത്തെ സിപിഎം തള്ളിയിരുന്നു.

സിപിഎം സമരത്തെ തള്ളുമ്പോളും സി പി ഐ യുടെ സമീപനം മറ്റൊന്നാണ്. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. അവരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിശോധിച്ച് അവ അംഗീകരിക്കണം. കൂടിയ ശമ്പളം ഉള്ളവർക്ക് വീണ്ടും ശമ്പളവർദ്ധനവ് ആവശ്യമില്ലെന്നും തുച്ഛമായ വേതനം മാത്രം ലഭിക്കുന്നവർക്ക് ന്യായമായ ശമ്പളം സർക്കാർ ഉറപ്പുവരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു.