താമരശ്ശേരിയിൽ ഷഹബാസ് എന്ന വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഷഹബാസിനെ മർദ്ദിച്ചതിൽ ഈ വിദ്യാർത്ഥിക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ പോലീസിന് ലഭിച്ചു. ഇൻസ്റ്റഗ്രാം ചാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കും. സംഘർഷത്തിൽ ഭാഗമായിരുന്ന കൂടുതൽ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങൾ പോലീസ് ആരംഭിക്കാനിരിക്കുകയാണ്.
നഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ വിദ്യാർത്ഥികൾക്ക് എങ്ങനെ ലഭിച്ചു എന്നതും പോലീസ് അന്വേഷിക്കും. വീട്ടിലെ വ്യക്തികളുടെ ക്രിമിനൽ പശ്ചാത്തലം, ആക്രമണത്തിൽ വീട്ടിൽ നിന്നുമുള്ള പ്രേരണ, പുറത്ത് നിന്നുള്ള ഗുണ്ടകളുടെയോ മറ്റു ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയോ ഇടപെടൽ എന്നിവയും പോലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടും