അതിരപ്പള്ളിയിൽ വീണ്ടും കാട്ടാനയ്ക്കു പരിക്ക്. ഏഴാറ്റുമുഖം ഗണപതി എന്ന് വിളിക്കുന്ന കാട്ടാനയ്ക്കാണ് പരിക്കേറ്റതായി വനം വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. ആനയ്ക്ക് ഒരു കാല്പാദം നിലത്ത് ഉറപ്പിക്കാൻ സാധിക്കുന്നില്ല. ജനവാസ മേഖലയിൽ ഇറങ്ങുന്ന ആന ആയതിനാൽ കാലിൽ മുള്ളുവേലി തറച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ആന ക്ഷീണിതനാണെന്നും ആന മെലിഞ്ഞു വരുന്നത് നല്ല ലക്ഷണമല്ലെന്നുമാണ് വനം വകുപ്പ് പറയുന്നത്. ആനയുടെ ആരോഗ്യനില പരിശോധിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.

വിശദമായ പരിശോധനക്ക് ശേഷം ആനയുടെ മെഡിക്കൽ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറും. മസ്തകത്തിനു പരിക്കേറ്റ ആനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഉദ്യമത്തിൽ ആരംഭത്തിൽ ആശങ്ക ജനിപ്പിച്ചതും ഏഴാറ്റുമുഖം ഗണപതിയുടെ സാന്നിധ്യമായിരുന്നു. മയക്കുവെടിയേറ്റ കൊമ്പനെ വീഴാതെ താങ്ങി നിർത്തുന്ന ഗണപതിയുടെ വീഡിയോ അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.