എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല പാർട്ടികളിൽ നിന്നും ഒതുക്കപ്പെട്ടവരായ നേതാക്കളെ ഒപ്പംനിർത്തി തൃണമൂൽ കോൺഗ്രസിനെ കേരളത്തിൽ ശക്തമായൊരു രാഷ്ട്രീയപ്പാർട്ടിയായി കെട്ടിപ്പടുക്കുക എന്നതാണ് പി.വി. അൻവറിന്റെ പുതിയ ദൗത്യം. സി.പി.എം. വിരോധം എന്ന അജൻഡയിൽ മലയോര മേഖലയിലെ കർഷകർ ഉൾപ്പെടെ വിവിധ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് അണിചേർക്കാനാവുമെന്നാണ് അൻവറിന്റെയും ഒപ്പമുള്ളവരുടെയും വിശ്വാസം. തൃണമൂൽ കോൺഗ്രസിന്റെ പശ്ചിമബംഗാളിലെ സീറ്റിൽ അൻവർ രാജ്യസഭാംഗമാകാനും സാധ്യതയുണ്ട്.
വിവിധ കേരള കോൺഗ്രസുകളിൽ നിന്നുള്ള നേതാക്കളിൽ പലരുമായും അൻവറും ഒപ്പമുള്ളവരും ചർച്ചകൾ നടത്തിയിട്ടുണ്ട്. എൻ.സി.പി. പോലുള്ള ചില പാർട്ടികളിലെ ചില നേതാക്കളും ചില മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരും ഒപ്പം ചേരാൻ താത്പര്യപ്പെടുന്നുണ്ടെന്ന് അൻവറിനൊപ്പമുള്ള ചില നേതാക്കൾ പറഞ്ഞിരുന്നു. കോൺഗ്രസിനുള്ളിൽനിന്നും ഇടതുപക്ഷത്തുനിന്നും ഒറ്റപ്പെട്ടവരും ഒതുക്കപ്പെട്ടവരുമായ ചില പ്രാദേശിക നേതാക്കളും പുതിയൊരു രാഷ്ട്രീയ സാധ്യതയായി തൃണമൂലിനെ കാണുന്നുണ്ട്.
മുൻപ് ഇടതു പക്ഷത്തിനൊപ്പമായിരുന്നവരും ഇടതുരാഷ്ട്രീയ നിലപാടാണ് ഇപ്പോഴുമുള്ളത് എന്നു പറയുന്നവരുമായ ഒരു വിഭാഗമുണ്ട്. ഇപ്പോൾ എൽ.ഡി.എഫിനെതിരായ നിലപാടെടുക്കുന്ന ഈ വിഭാഗത്തെ ആകർഷിക്കാൻ കൂടിയാണ് പിണറായിസത്തിനെതിരായ നിലപാട് എന്നാണ് അൻവർ ആവർത്തിച്ചു പറയുന്നത്.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആഴ്ന്നിറങ്ങി പ്രവർത്തിച്ച് സംസ്ഥാനത്ത് ഒട്ടേറെയിടങ്ങളിൽ സാന്നിധ്യം അറിയിക്കാനാവുമെന്നാണ് അൻവറിനൊപ്പമുള്ളവരുടെ വിശ്വാസം. ഇടയ്ക്കൊന്നു മന്ദീഭവിച്ച ഡി.എം.കെ.യെ സംസ്ഥാന തലത്തിൽ പുനരുജ്ജീവിപ്പിക്കുകയാണ് ഇനി തൃണമൂലിന്റെ ലക്ഷ്യം. ബംഗാളിനുപുറത്ത് കഴിയുന്നത്ര ഇടങ്ങളിൽ വേരു പടർത്തി കൂടുതൽ ദേശീയ പ്രസക്തിയുള്ള പാർട്ടിയായി തൃണമൂൽ കോൺഗ്രസിനെ മാറ്റുകയാണ് മമതാ ബാനർജിയുടെ ലക്ഷ്യം. സി.പി.എം. വിരോധമാണ് മമതയുടെയും അൻവറിന്റെയും പൊതുഘടകം.
നിലമ്പൂർ മുനിസിപ്പാലിറ്റിയിലും നിലമ്പൂർ, ഏറനാട് പ്രദേശങ്ങളിലെ പല പഞ്ചായത്തുകളിലും ഇടതുമുന്നണിയിലെ ഒരു വിഭാഗം അംഗങ്ങൾ ജയിച്ചു കയറിയത് അൻവറിന്റെ പിന്തുണയിലാണ്. അവരിൽ പകുതിപ്പേർ പഴയ കൂറോടെ ഒപ്പം നിന്നാൽത്തന്നെ പ്രാദേശികമായി ചെറുതല്ലാത്ത ശക്തിയാകും അൻവറിന് ഉണ്ടാവുക. തദ്ദേശ തിരഞ്ഞെടുപ്പു വരുന്നതോടെ അത്തരം വേരുകൾ വെളിപ്പെടുകയും ചെയ്യും. മുമ്പ് ഇടതു പക്ഷത്തിനൊപ്പംനിന്ന് വാർഡുകളിൽ വിജയം നേടിയതിനേക്കാൾ എളുപ്പമായിരിക്കും യു.ഡി.എഫിനൊപ്പം നിന്നുള്ള പ്രവർത്തനം എന്നാണ് അൻവറിനൊപ്പമുള്ളവർ പറഞ്ഞത്.
അതേസമയം, നിലമ്പൂർ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസ് ക്യാംപിൽ ആശയക്കുഴപ്പത്തിന്റെ വിത്തെറിഞ്ഞാണ് പി.വി.അൻവർ, എംഎൽഎ സ്ഥാനം ഒഴിഞ്ഞത്. സ്ഥാനാർഥിയായി ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ ഉയർത്തിക്കാട്ടിയതിലൂടെ അൻവറിന്റെ ലക്ഷ്യം രണ്ടാണ്. ഒന്ന്, തന്റെ യുഡിഎഫ് പ്രവേശത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ച കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനൊരു വെല്ലുവിളിയാവുക. രണ്ട്, സ്ഥാനാർഥിനിർണയത്തിൽ കോൺഗ്രസിലെ സ്വരച്ചേർച്ചയില്ലായ്മ തുറന്നുകാട്ടുക. തുടർച്ചയായി 2 തവണ ജയിച്ച സീറ്റിൽ അൻവറിനൊത്തൊരു സ്ഥാനാർഥിയെ കിട്ടാത്തതിന്റെ പ്രതിസന്ധി സിപിഎമ്മിനുമുണ്ട്. കോൺഗ്രസിലെ സീറ്റ് തർക്കം മൂർഛിച്ചാൽ ഇടതുസ്ഥാനാർഥിയായി വീണ്ടുമൊരു സ്വതന്ത്രൻ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
രാഷ്ട്രീയ ബലാബലത്തിൽ ഇരുമുന്നണികൾക്കും പ്രതീക്ഷയുള്ള മണ്ഡലമാണു നിലമ്പൂർ. 1987 മുതൽ 2016 വരെ ആര്യാടൻ മുഹമ്മദ് കോൺഗ്രസ് കൊടി പാറിച്ച നിലമ്പൂരിന്റെ രാഷ്ട്രീയ കാലാവസ്ഥ 2009 ലെ മണ്ഡലപുനർനിർണയത്തിൽ ചെറുതായി മാറി. യുഡിഎഫിന്റെ ഉറച്ച കോട്ടകളായ കാളികാവ്, ചാലിയാർ, ചോക്കാട് പഞ്ചായത്തുകൾ നിലമ്പൂരിന്റെ ഭാഗമല്ലാതായി. നിലവിൽ ഒരു നഗരസഭയും 3 പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്നു. 4 പഞ്ചായത്തുകൾ യുഡിഎഫ് ഭരണത്തിലാണ്. ഉപതിരഞ്ഞെടുപ്പുൾപ്പെടെ കഴിഞ്ഞ 3 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനു വൻ ഭൂരിപക്ഷം സമ്മാനിക്കുകയും ചെയ്തു.
നിലമ്പൂർ നഗരസഭാ മുൻ അധ്യക്ഷനായ ഷൗക്കത്ത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവറിനോടു പരാജയപ്പെട്ടിരുന്നു. 2021 ൽ അവസാന നിമിഷംവരെ ഷൗക്കത്തിനെ പരിഗണിച്ചെങ്കിലും അന്നത്തെ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിനാണു നറുക്കുവീണത്. യുഡിഎഫിന്റെ ജയസാധ്യത തെളിഞ്ഞുനിൽക്കുന്ന ഈഘട്ടത്തിൽ താനാണു സ്വാഭാവിക സ്ഥാനാർഥിയെന്ന് ഷൗക്കത്ത് വിശ്വസിക്കുന്നു. മണ്ഡലത്തിലെ വിപുലമായ ബന്ധങ്ങളും പിതാവ് ആര്യാടൻ മുഹമ്മദിനുണ്ടായിരുന്ന സ്വീകാര്യതയുമെല്ലാം അനുകൂലഘടകങ്ങളായി ഷൗക്കത്ത് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ചെറുപ്പമാണ് വി.എസ്.ജോയിക്ക് അനുകൂലമായ ഒരു ഘടകം. ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിനുശേഷം ജില്ലയിലെ കോൺഗ്രസിൽ ഉരുത്തിരിഞ്ഞ പുതിയ സമവാക്യങ്ങളും ജോയിയുടെ പേര് ഉയരാൻ കാരണമാണ്. മലപ്പുറം ജില്ലയിൽ കോൺഗ്രസിന് ഏറ്റവും വേരോട്ടമുള്ള മണ്ഡലങ്ങളിലൊന്നായ നിലമ്പൂരിൽ കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് അടിപതറിയതു അൻവറിനു മുന്നിലാണ്. ഗോദയിൽ നിന്നു മാറിനിൽക്കാൻ തീരുമാനിക്കുമ്പോഴും കോൺഗ്രസിനു തലവേദനയ്ക്കു വക നൽകിയാണ് അൻവർ പോകുന്നത്.