എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല പാർട്ടികളിൽനിന്നും ഒതുക്കപ്പെട്ടവരും ഒതുങ്ങിക്കൂടിയവരുമായ നേതാക്കളെ ഒപ്പംകൂട്ടി തൃണമൂൽ കോൺഗ്രസിനെ കേരളത്തിൽ ശക്തമായൊരു രാഷ്ട്രീയപ്പാർട്ടിയായി കെട്ടിപ്പടുക്കുക എന്നതാണ് പി.വി. അൻവറിൻ്റെ പുതിയ ദൗത്യം. സി.പി.എം. വിരോധം എന്ന അജൻഡയിൽ മലയോര മേഖലയിലെ കർഷകർ ഉൾപ്പെടെ വിവിധ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് അണിചേർക്കാനാവുമെന്നാണ് അൻവറിന്റെയും ഒപ്പമുള്ളവരുടെയും വിശ്വാസം.
വിവിധ കേരള കോൺഗ്രസുകളിൽനിന്നുള്ള ഒറ്റയൊറ്റ നേതാക്കളിൽ പലരുമായും അൻവറും ഒപ്പമുള്ളവരും ചർച്ചകൾ നടത്തിയിട്ടുണ്ട്. എൻ.സി.പി. പോലുള്ള ചില പാർട്ടികളിലെ ചില നേതാക്കളും ചില മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരും ഒപ്പം ചേരാൻ താത്പര്യപ്പെടുന്നുണ്ടെന്ന് അൻവറിനൊപ്പമുള്ള ചില നേതാക്കൾ പറഞ്ഞു. കോൺഗ്രസിനുള്ളിൽനിന്നും ഇടതുപക്ഷത്തുനിന്നും ഒറ്റപ്പെട്ടവരും ഒതുക്കപ്പെട്ടവരുമായ ചില പ്രാദേശിക നേതാക്കളും പുതിയൊരു രാഷ്ട്രീയ സാധ്യതയായി തൃണമൂലിനെ കാണുന്നുണ്ട്.
മുൻപ് ഇടതു പക്ഷത്തിനൊപ്പമായിരുന്നവരും ഇടതുരാഷ്ട്രീയ നിലപാടാണ് ഇപ്പോളുമുള്ളത് എന്നുപറയുന്നവരുമായ ഒരു വിഭാഗമുണ്ട്. ഇപ്പോൾ എൽ.ഡി.എഫിനെതിരായ നിലപാടെടുക്കുന്ന ഈ വിഭാഗത്തെ ആകർഷിക്കാൻ കൂടിയാണ് പിണറായിസത്തിനെതിരായ നിലപാട് എന്നാണ് സവർ ആവർത്തിച്ചു പറയുന്നത്.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആഴ്‌നിറങ്ങി പ്രവർത്തിച്ച് സംസ്ഥാനത്ത് ഒട്ടേറെയിടങ്ങളിൽ സാന്നിധ്യം അറിയിക്കാനാവുമെന്നാണ്അൻവറിനൊപ്പമുള്ളവരുടെ വിശ്വാസം.
ബംഗാളിനുപുറത്ത് കഴിയുന്നത്ര ഇടങ്ങളിൽ വേരു പടർത്തി കൂടുതൽ ദേശീയ പ്രസക്തിയുള്ള പാർട്ടിയായി തൃണമൂൽ കോൺഗ്രസിനെ മാറ്റുകയാണ് മമതാ ബാനർജിയുടെ ലക്ഷ്യം. സി.പി.എം. വിരോധമാണ് മമതയുടെയും അൻവറിന്റെയും പൊതുഘടകം.
നിലമ്പൂർ മുനിസിപ്പാലിറ്റിയിലും നിലമ്പൂർ, ഏറനാട് പ്രദേശങ്ങളിലെ പല പഞ്ചായത്തുകളിലും ഇടതുമുന്നണിയിലെ ഒരു വിഭാഗം അംഗങ്ങൾ ജയിച്ചു കയറിയത് അൻവറിന്റെ പിന്തുണയിലാണ്. അവരിൽ പകുതിപ്പേർ പഴയ കൂറോടെ ഒപ്പംനിന്നാൽത്തന്നെ പ്രാദേശികമായി ചെറുതല്ലാത്ത ശക്തിയാകും അൻവറിന് ഉണ്ടാവുക. തദ്ദേശ തിരഞ്ഞെടുപ്പു വരുന്നതോടെ അത്തരം വേരുകൂറുകൾ വെളിപ്പെടുകയും ചെയ്യും. മുമ്പ് ഇടതുപക്ഷത്തിനൊപ്പം നിന്ന് വാർഡുകളിൽ വിജയം നേടിയതിനേക്കാൾ എളുപ്പമായിരിക്കും യു.ഡി.എഫിനൊപ്പം നിന്നുള്ള പ്രവർത്തനം എന്നാണ് അൻവറിനൊപ്പമുള്ളവർ പറഞ്ഞത്.
അതേസമയം കോൺഗ്രസ് വിട്ടവരെയും നേതൃത്വവുമായി അകന്ന് നിൽക്കുന്നവരെയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായിട്ട് അൻവർ പെരിങ്ങോട്ടുകുറുശ്ശിയിൽ എത്തിയിരുന്നു എന്ന റിപ്പോർട്ട്ടുകൾ വരുന്നുണ്ട് . മറ്റൊന്മിനുമല്ല എ വി ഗോപിനാഥിനേ ഒപ്പം കൂട്ടാൻ. ‘അദ്ദേഹം രാവിലെ ഇവിടെ വന്നിരുന്നു. തൃണമുൽ കോൺഗ്രസ് വൈകാതെ യു.ഡി.എഫിന്റെ ഭാഗമാവുന്നതിനെക്കുറിച്ചെല്ലാം പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്ന് ഞാൻ അൻവറിനോട് കൃത്യമായി മറുപടി പറഞ്ഞു’ വെന്നാണ് എ.വി.ഗോപിനാഥ് പറയുന്നത്.
താനിപ്പോഴും കോൺഗ്രസുകാരനാണെന്നും മറ്റൊരു പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഗോപിനാഥ്. സൂചപ്പിച്ചു.’എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ്. എനിക്ക് പദവികളില്ല. എങ്കിലും ഇന്നും കോൺഗ്രസുകാരനായാണ് ഞാൻ ജീവിക്കുന്നത്. നേതാക്കൾ എത്ര വലിയ പദവി നൽകിയാലും ഇനി കോൺഗ്രസിലേക്കില്ലെന്ന കാര്യം അൻവറിനോടും ഞാൻ പറഞ്ഞിട്ടുണ്ട്’ – എന്ന് ഗോപിനാഥ് വ്യക്തമാക്കി എന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ.
വൈകാതെ തൃണമുൽ കോൺഗ്രസ് കേരള ഘടകം യു.ഡി.എഫിൻ്റെ ഭാഗമാവുമെന്നും മികച്ച പദവി ഏറ്റെടുക്കാൻ തയാറാവണമെന്നും ഗോപിനാഥിനെ ഓർമിപ്പിച്ചാണ് അൻവർ മടങ്ങിയത്. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പെരിങ്ങോട്ടുകുറുശ്ശി വികസന മുന്നണി രൂപീകരിച്ച ഗോപിനാഥ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇടതുമുന്നണിയുടെ പിന്തുണ തേടുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.. ഈ സാഹചര്യത്തിൽ ആണ് പിവി അൻവർ ഗോപിനാഥിനെ ക്ഷണിക്കുന്നതും. ഇന്നലെ രാത്രി എ വി ഗോപിനാഥിൻ്റെ വീട്ടിൽ നേരിട്ടെത്തിയാണ് പി വി അൻവർ ചർച്ച നടത്തിയത്.
ഒരു ഉപതിരഞ്ഞെടുപ്പിലൂടെ സർക്കാരിന് തോൽവി സമ്മാനിക്കുകയെന്നതാണ് അൻവറിന്റെ പ്രാഥമിക ഉദ്ദേശ്യം. യു.ഡി.എഫ്. പ്രവേശനത്തിനുള്ള വഴിതുറക്കലാണ് രണ്ടാം ലക്ഷ്യം. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന തൃണമൂൽ കോൺഗ്രസ് ഇന്ത്യമുന്നണിയിൽ തുടരുന്നപക്ഷം അൻവർ യു.ഡി.എഫ്. പ്രവേശം ആഗ്രഹിച്ചാൽ നിഷേധിക്കാൻ പ്രയാസമാകും.
ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ച് ശക്തമായി രംഗത്തിറങ്ങുകവഴി മുന്നണിയുമായി അടുക്കാനും രാഷ്ട്രീയമായി പ്രസക്തി നിലനിർത്താനും കഴിയും. നിലമ്പൂർ സീറ്റിലുടക്കി മുന്നണിപ്രവേശനം തടസപ്പെടരുതെന്നുകരുതിയാണ് ആ സീറ്റിലേക്കുള്ള അവകാശവാദം അൻവർ ഉപേക്ഷിക്കുന്നത്. ഘടകകക്ഷിയായാൽ മലപ്പുറത്തോ സമീപജില്ലകളിലോ ഉള്ള ഏതെങ്കിലുമൊരു സീറ്റായിരിക്കും അൻവറിന്റെ ലക്ഷ്യം.
എം എൽ എ സ്ഥാനം രാജിവച്ചശേഷം പി വി അൻവർ നിലമ്പൂരിൽ തിരിച്ചെത്തിയിട്ടുണ്ട്. തൻ്റെ ഭാവി പ്രവർത്തനം വിശദീകരിക്കാൻ അദ്ദേഹം രാവിലെ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിനിടെ അൻവർ ഉയർത്തിയ മലയോര മേഖലയിലെ വന്യ ജീവി പ്രശ്നവുമായി ബന്ധപ്പെട്ട വന നിയമ ഭേദഗതി വിഷയം കോൺഗ്രസ് ഏറ്റടുത്തിട്ടുണ്ട്. നിലമ്പൂർ മേഖലയിൽ ഇന്ന് ഈ വിഷയത്തിൽ കോൺഗ്രസ് വാഹന പ്രചാരണ ജാഥയും നടത്തുന്നുണ്ട്.