പാലാ : മുപ്പത്തിഅയ്യായിരം രൂപയുടെ എയർപോഡ് ചൂണ്ടിയ കൂട്ടത്തിലെ കള്ളനെ തേടിയുള്ള അന്വേഷണത്തിലാണ് പാലാ നഗരസഭ കൗൺസിലർമാർ. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഒരു കത്ത് ചെയർപേഴ്‌സൺ ജോസിൻ ബിനോയ്ക്ക് ലഭിച്ചത്. കത്ത് കൊടുത്തത് ഭരണപക്ഷ കൗൺസിലർ ജോസ് ചീരാംകുഴി.
കത്തിലെ ആവശ്യം; തന്റെ ആപ്പിൾ എയർപോഡ് കൗൺസിൽ ഹാളിൽ നിന്ന് മോഷണം പോയി. അതൊരു കൗൺസിലറാണ് എടുത്തതെന്ന് മനസ്സിലാകുന്നു. ആരുടെയും പേരെടുത്ത് പറഞ്ഞ് മോശക്കാരനാക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്കെന്റെ എയർപോഡ് തിരിച്ചുകിട്ടണം. കത്ത് ചെയർപേഴ്സൺ യോഗത്തിൽ വായിച്ചു;
”എയർപോഡ് എടുത്തത് ആരായാലും ഉടൻ തിരിച്ചുകൊടുക്കണം. ജോസ് കത്തിലാരുടെയും പേര് പറയാത്ത സാഹചര്യത്തിൽ ഞാനുൾപ്പെടെയുള്ള ഇരുപത്തിയഞ്ച് കൗൺസിലർമാരും ”കള്ളനാകുന്ന” അവസ്ഥയാണിപ്പോൾ. ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും സാധനം തിരിച്ചുകൊടുത്താൽ മതിയെന്ന നിലപാട് ചെയർപേഴ്‌സൺ സ്വീകരിച്ചതോടെ എല്ലാവരും അത് അംഗീകരിച്ചു.
കഴിഞ്ഞ ഒക്‌ടോബർ 4 ന് കൗൺസിൽ യോഗം കഴിഞ്ഞപ്പോഴാണ് എയർപോഡ് കാണാതെ പോയതെന്നും ആറാം തീയതി മുതൽ ഇത് വീണ്ടും ഉപയോഗിച്ചു തുടങ്ങിയെന്നും ജോസ് ചീരാംകുഴി പറഞ്ഞു. മറ്റൊരു കൗൺസിലറാണ് ഉപയോഗിക്കുന്നതെന്നും ലൊക്കേഷൻ ഉൾപ്പെടെ മനസ്സിലാക്കാൻ സാധിച്ചെന്നും ജോസ് പറഞ്ഞു. പൊലീസിലും പരാതി കൊടുത്തിരുന്നു. ആരെയും നാണംകെടുത്താനില്ല. എനിക്ക് സാധനം തിരിച്ചുകിട്ടിയാൽ മതി. ചെയർപേഴ്‌സൺ ഇന്ന് രാജിവയ്ക്കുകയാണല്ലോ. അവർ ചെയർപേഴ്‌സണായിരിക്കെ നടന്ന ഒരു സംഭവമായതിനാലാണ് കത്തുകൊടുത്തതെന്നും ജോസ് വിശദീകരിച്ചു.