രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ 457 റൺസ് എന്ന കൂറ്റൻ സ്കോർ നേടി കേരളം. 177 റണ്സെടുത്ത് പുറത്താകാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ധീൻറെ മികവിലാണ് കേരളം കൂറ്റൻ സ്കോറിലെത്തിയത്. രഞ്ജി സെമിയിൽ സെഞ്ചുറി നേടുന്ന ആദ്യത്തെ മലയാളി എന്ന റെക്കോർഡും ഇതോടെ അസറുദ്ധീന് സ്വന്തം. 341 പന്തുകളിൽ 20 ഫോറുകളും ഒരു സിക്‌സും ഉൾപ്പെട്ടതായിരുന്നു അസറുദീന്റെ ഇന്നിംഗ്സ്. അർദ്ധ സെഞ്ചുറികളുമായി സൽമാൻ നിസ്സാർ, ക്യാപ്റ്റൻ സച്ചിൻ ബേബി എന്നിവരും കേരളത്തിന്റെ സ്കോർബോർഡിൽ റൺസ് കൂട്ടി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തിരുന്നു. ഇരട്ട സെഞ്ച്വറി നേടും എന്ന് തോന്നിക്കുന്ന ഇന്നിംഗ്സ് അസ്ഹറുദ്ധീൻ കാഴ്ചവെച്ചപ്പോൾ മറുവശത്തു വിക്കറ്റുകൾ വീണത് ആ നാഴികക്കല്ലിന് വിനയായി. അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന എന്നിവർ 30 റൺസ് വീതം നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വാല മൂന്ന് വിക്കറ്റ് വീഴ്ത്തി.
അഞ്ച് ദിനങ്ങളുള്ള മത്സരത്തിൽ മൂന്നാം ദിവസത്തിന്റെ ആദ്യ സെഷനിന്റെ പകുതിയോളം ബാറ്റ് ചെയ്താണ് കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചത്. ഇതോടെ ഇനി മത്സരത്തിൽ ബാക്കിയുള്ളത് രണ്ടര ദിവസം മാത്രമാണ്. ഈ സമയത്താകട്ടെ ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് ഉൾപ്പടെ 3 ഇന്നിംഗ്സ് പൂർത്തിയാവാനുമുണ്ട്. ഈ സാഹചര്യത്തിൽ മത്സരത്തിന്റെ അന്തിമ ഫലം എന്താകും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. മത്സരം സമനിലയിലായാലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നവർ ഫൈനലിൽ കടക്കും. അതുകൊണ്ടു തന്നെ 457 റൺസിന് മുന്നേ തന്നെ ഗുജറാത്തിനെ പുറത്താക്കുക എന്നതായിരിക്കും കേരളത്തിന്റെ പ്രധാന ലക്ഷ്യം. അഞ്ചാം ദിനം അവസാനിക്കുമ്പോളും കേരളത്തിന്റെ സ്കോർ ഗുജറാത്തിനു മറികടക്കാനായില്ലെങ്കിലും കേരളം തന്നെ ഫൈനലിൽ കയറും. രഞ്ജി ഫൈനലിൽ എത്തിയാൽ അതും കേരള ക്രിക്കറ്റിന്റെ ജ്വലിക്കുന്ന ചരിത്രമാവും.