കോട്ടയം:
നവകേരള സദസ് പരാജയമാണെന്നും സർക്കാർ സമ്മർദം ചെലുത്തി തൊഴിലുറപ്പ് തൊഴിലാളികളെയും ഹരിത കർമ സേനയേയും സർക്കാർ ഉദ്യോഗസ്ഥരെയും പാർട്ടിക്കാരെയുമൊക്കെ വിളിച്ചുവരുത്തുകയാണെന്നും രമേശ് ചെന്നിത്തല.
നവകേരള സദസുകൊണ്ട് കേരളത്തിനോ ജനങ്ങൾക്കോ പ്രയോജനമൊന്നുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമാണിത്. സർക്കാർ പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയം പറയാറില്ല. പക്ഷേ ഇവിടെ പറയുന്നത് മുഴുവൻ രാഷ്ട്രീയമാണെന്നും ചെന്നിത്തല വിമർശിച്ചു. കോൺഗ്രസിനെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഡംബരം ഇല്ലെങ്കിൽ എന്തിനാണ് ബസിന് ഒന്നരക്കോടി രൂപ മുടക്കിയതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ആഡംബര വാഹനം ഓടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർക്ക് ശമ്പളം കിട്ടിയോ എന്ന് മുഖ്യമന്ത്രി ചോദിക്കണം. എ കെ ബാലൻ പറഞ്ഞതുപോലെ ബസ് അല്ല, മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മ്യൂസിയത്തിൽ വച്ചാൽ കാണാൻ ആള് കൂടുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ സംഘാടനത്തിൽ അഴിമതിയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.