ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. അക്രമങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയത്.
അയോദ്ധ്യയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ യുപി എടിഎസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.തീവ്രവാദ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. വിഗ്രഹത്തിന്റെ കണ്ണുകൾ മൂടിക്കെട്ടിയ ചിത്രമാണ് പുറത്തുവന്നത്. വിഗ്രഹം ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ സ്ഥാപിച്ചു. മൈസൂരുവിലെ അരുൺ യോഗിരാജാണ് ശിൽപി.
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംഘപരിവാർ സംഘടനകൾ വീടുകളിൽ ജയ് ശ്രീറാം പതാകകൾ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ രാമക്ഷേത്രത്തിന്റേതടക്കം ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആറു തരം സ്റ്റാമ്പുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. സൂര്യൻ, സരയൂ നദി, ഗണപതി, ഹനുമാൻ, ജടായു, ക്ഷേത്രത്തിലെ വിവിധ ശില്പങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും സ്റ്റാമ്പിലുണ്ട്.
അന്താരാഷ്ട്ര തലത്തിൽ രാമനുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളുടെ ശേഖരമടങ്ങിയ പുസ്തകവും മോദി പുറത്തിറക്കി. അനേകം തലമുറകളെ പ്രാണപ്രതിഷ്ഠയെ കുറിച്ച് ഓർമ്മിപ്പിക്കാൻ സ്റ്റാമ്പുകൾ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.