തിരുവനന്തപുരം: ക്രിസ്മസ് നാളുകളിൽ ബെവ്കോ ഷോപ്പുകളിൽ മദ്യം വാങ്ങാൻ പോകുമ്പോൾ ബാഗ് ഇല്ലെന്നു കരുതി വിഷമിക്കേണ്ട. രണ്ടോ മൂന്നോ കുപ്പികൾ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചി ഷോപ്പുകളിൽ കിട്ടും. 10 രൂപ വില നൽകണം. ഡിസംബർ 20 മുതലാവും ഈ സൗകര്യം ലഭിക്കുക. ബിവറേജസ് കോർപ്പറേഷൻ ഹാന്റെക്സുമായി കരാറൊപ്പിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ബെവ്കോ സൂപ്പർമാർക്കറ്റുകളിലാവും ആദ്യം സഞ്ചി ലഭ്യമാവുക. ഒന്നര ലക്ഷം സഞ്ചികൾക്കാണ് ആദ്യഘട്ടത്തിൽ ഓർഡർ നൽകിയിട്ടുള്ളത്. സംഗതി ക്ളിക്കായാൽ മറ്റു ജില്ലകളിലെ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. വെള്ള നിറത്തിലുള്ള സഞ്ചിയിൽ ബെവ്കോയുടെ ലോഗോ മാത്രമാവും പതിക്കുക.
നഷ്ടക്കണക്കിൽ ചക്രശ്വാസം വലിക്കുകയായിരുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) നടപ്പുസാമ്പത്തിക വർഷം പൂർത്തിയാവുമ്പോൾ 68 കോടിയുടെ ലാഭം നേടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തികവർഷം 56 കോടിയായിരുന്നു ലാഭം. കൊവിഡ് കാലത്ത് 10 കോടിയുടെ നഷ്ടത്തിൽ കഷ്ടപ്പെട്ട ബെവ്കോ അവിശ്വസനീയമായ ഈ തിരിച്ചുവരവു നടത്തിയത് വ്യക്തമായ ആസൂത്രണ മികവിലാണ്.അതിനു നേതൃത്വം നൽകിയതത്, യോഗേഷ് ഗുപ്ത ഐ.പി.എസ് എന്ന ഉദ്യോഗസ്ഥന്റെ മികച്ച ഭരണപാടവം. കൈവച്ച മേഖലകളിലെല്ലാം സ്വന്തം കയ്യൊപ്പു പതിച്ച യോഗേഷ് ഗുപ്ത ബെവ്കോയുടെ തിരിച്ചുവരവിനെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചിരുന്നു.
കഴിഞ്ഞ വർഷം 18,000 കോടിയായിരുന്നു വിറ്റുവരവ്. ഇതിൽ 90 ശതമാനവും വിവിധ നികുതികളായി സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. ശേഷിക്കുന്ന 10 ശതമാനത്തിലാണ് കോർപ്പറേഷൻ നടത്തിക്കൊണ്ടു പോകുന്നത്. നടപ്പു സാമ്പത്തിക വർഷവും വിറ്റുവരവ് ഗണ്യമായി കൂടും. ചില്ലറ വില്പന ശാലകൾക്ക് മദ്യം നൽകുന്നതിലൂടെ കിട്ടുന്ന മാർജിനാണ് മറ്റൊരു വരുമാനം എന്നും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.