തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവ് കാനം രാജേന്ദ്രന്റെ പിന്‍ഗാമിയായി ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ സംസ്ഥാന സെക്രട്ടറിയുടെ താത്‌കാലിക ചുമതല ബിനോയ് വിശ്വത്തിന് നൽകിയിരുന്നു.
ഇന്നലെ ചേർന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ എതിരില്ലാതെയാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്. ഇതിന് സംസ്ഥാന കൗൺസിൽ ഇന്ന് അംഗീകാരം നൽകിയതോടെ ബിനോയ് വിശ്വം ഔദ്യോഗികമായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി. തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.
ആരോഗ്യ സ്ഥിതി വഷളായതിനെതുടര്‍ന്ന് തനിക്ക് അവധി നല്‍കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ട സമയത്ത് ചുമതല ബിനോയ് വിശ്വത്തിന് നല്‍കണമെന്ന് കാനം രാജേന്ദ്രന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
നിലവിൽ രാജ്യസഭ അംഗമായ ബിനോയ് വിശ്വം സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. സിപിഐയുടെ മാസികയായ ന്യൂ ഏജ് വാരികയുടെ എഡിറ്ററും ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റുമാണ്. 2006-2011ൽ കാലഘട്ടത്തിൽ കേരള സർക്കാരിൽ വനം, ഭവനവകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.