ജബൽപൂർ: മധ്യപ്രദേശില്‍ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വളഞ്ഞു. കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശർമക്ക് നേരെയും സീറ്റ് കിട്ടാത്തതിനെ ചൊല്ലി കടുത്ത പ്രതിഷേധം ഉയർന്നു. ഇന്നലെ 92 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. മുൻപ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നപ്പോഴും പാർട്ടി ആസ്ഥാനത്തടക്കം പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം ഇന്ത്യ സഖ്യം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ പൊളിഞ്ഞത് കോണ്‍ഗ്രസ് – സമാജ്വാദി പാര്‍ട്ടി ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു.ഈ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ അഖിലേഷ് യാദവുമായി സംസാരിച്ചു. മുതിർന്ന നേതാവ് വിളിച്ചിരുന്നുവെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു. നേരത്തെ സീറ്റ് ചർച്ചയിലെ തർക്കത്തെ തുടർന്ന് അഖിലേഷ് യാദവ് കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.