തമിഴ്നാട് മോഡൽ കേരളത്തിലും ബിജെപി നടത്താനൊരുങ്ങുന്നുവെന്ന സൂചനകളാണ് ബിജെപി നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്. കേരള ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ കെ സുരേന്ദ്രനും, ശോഭ സുരേന്ദ്രനും, എം ടി രമേശിനും പുറമെ ഇപ്പോൾ പുതിയ ഒരു പേരുകൂടി ഉയർന്നുവന്നിട്ടുണ്ട്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനെ പരിഗണിച്ചേക്കുമെന്ന് സൂചന. കേന്ദ്ര നേതൃത്വത്തിന്റെ പരിഗണന പട്ടികയിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ പേരും ഉണ്ടെന്ന് സൂചന. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി എന്ന പേരിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. ജേക്കബ് തോമസ് ഡൽഹിയിൽ എത്തി ജെപി നദ്ദയെ കണ്ടു. അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയേക്കും.

അതേസമയം പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. പ്രസിഡന്റ് പദത്തിൽ അഞ്ചുവർഷം പൂർത്തിയാക്കിയവരെ പരിഗണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാൽ കെ സുരേന്ദ്രൻ തെറിക്കും. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നീ പേരുകളും സജീവ പരിഗണനയിൽ ഉണ്ട്. സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനം ഈയാഴ്ച്ചയുണ്ടാകും. പി.എസ് ശ്രീധൻ പിള്ള മിസോറാം ഗവർണറായി പോയ ഒഴിവിലാണ് 2020 ഫെബ്രുവരി 15ന് കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായത്.
കേരളത്തിൽ എം ടി രമേശിന് തന്നെയാണ് മുന്ഗണന എന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത് .
ദീർഘകാലമായി രമേശ് സംസ്ഥാന ഭാരവാഹിയായി തുടരുകയാണ്. രമേശിൻറെ സീനിയോരിറ്റി മറികടന്നാണ് 2020ൽ കെ സുരേന്ദ്രനെ പാർട്ടി ദേശീയ നേതൃത്വം പ്രസിഡൻറാക്കിയത്. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ നിന്നും നിലവിലെ സാഹചര്യത്തിൽ രമേശിന് എതിർപ്പുകളില്ല. സംസ്ഥാന പാർട്ടിയിലെ ക്രൗഡ് പുള്ളർ എന്ന പരിഗണനയാണ് ശോഭ സുരേന്ദ്രൻറെ ഹൈ ലൈറ്റ്. എന്നാൽ വി.മുരളീധരൻ-കെ.സുരേന്ദ്രൻ സഖ്യത്തിൻറെ കണ്ണിലെ കരടാണ് ശോഭ. ദേശീയ തലത്തിലെ ഒരു വിഭാഗം നേതാക്കളുമായി നല്ല ബന്ധത്തിലാണ് ശോഭ. തരാതരം ഗ്രൂപ്പ് ബലാബലം പരീക്ഷിക്കുന്ന കേരള ബിജെപിയിൽ മാറ്റത്തിൻറെ മുഖം പരീക്ഷിക്കാൻ കേന്ദ്രനേതൃത്വം തീരുമാനിച്ചാൽ ഇത്തരത്തിൽ പുതിയ പേരുകൽ ഉയർന്നു വരാൻ സാധ്യതയുണ്ട് .
കുമ്മനം രാജശേഖരൻറെ വരവ് പോലെ ബിജെപി നേതൃനിരയിൽ നിന്നല്ലാതെ ആർഎസ്എസ് മറ്റുപേരുകളും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പരീക്ഷിച്ചേക്കാം. സംസ്ഥാനത്ത് നിന്ന് കേന്ദ്ര മന്ത്രിസഭയിലെത്തിയത് നായർ, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളായതിനാൽ സംസ്ഥാന അധ്യക്ഷൻ ഈഴവ സമുദായത്തിൽ നിന്നാവാൻ സാധ്യത കൂടുതലാണ്. സംസ്ഥാനത്ത് പാർട്ടിയുടെ വോട്ടുവിഹിതം കൂട്ടുന്നതിൽ മുഖ്യപങ്കുവഹിച്ച വി മുരളീധരൻ ഒരു തവണ കൂടി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് വരാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. 2020ൽ സംസ്ഥാന അധ്യക്ഷന്മാരായ നേതാക്കളിൽ കെ സുരേന്ദ്രൻ മാത്രമാണ് ഇപ്പോൾ തുടരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ മാറ്റം വേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് ഇനിയും തീരുമാനമാകാത്തത്.
എന്തായാലും ബി .ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം ഇങ്ങനെ നീളുകയാണ്. ഡൽഹി തിരഞ്ഞെടുപ്പിനു പിന്നാലെ പ്രഖ്യാപനം നടക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. 17-ന് പ്രഖ്യാപിക്കുമെന്ന് പിന്നീട് പറഞ്ഞു. എന്നാൽ അതുസംബന്ധിച്ച് കേരളത്തിലെ നേതാക്കൾക്ക് ഒരറിവുമില്ല. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളോട് അഭിപ്രായം ചോദിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകിയിട്ടുണ്ട്. എം.ടി.രമേശ്, വി.മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഈ റിപ്പോർട്ടിലുള്ളത്. അതിനുശേഷം ദേശീയ നേതൃത്വം കേരള നേതാക്കളോട് ചർച്ചയൊന്നും നടത്തിയിട്ടില്ല.
ഇനി പന്ത് ദേശീയ നേതൃത്വത്തിന്റെ കോർട്ടിലാണ്. തീരുമാനമെടുക്കും മുൻപ് ആർ.എസ്.എസ്. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം തേടാറുണ്ട്. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വരണാധികാരി പ്രഹ്ളാദ് ജോഷിയാണ്. അടുത്ത ദിവസങ്ങളിലൊന്നും ജോഷി കേരളത്തിലേക്ക് യാത്ര നിശ്ചയിച്ചിട്ടില്ല. തീരുമാനമെടുത്തുകഴിഞ്ഞാൽ നാമനിർദേശപത്രിക സ്വീകരിച്ച് സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗത്തിൽ തിരഞ്ഞെടുപ്പുനടപടി പൂർത്തിയാക്കി പ്രഖ്യാപനം നടത്തുകയാണ് പതിവ്. അത്തരമൊരു യോഗത്തിനുള്ള വിളി പ്രതീക്ഷിച്ചിരിക്കുകയാണ് കേരളത്തിലെ നേതാക്കൾ.
സമീപകാല സംഘടനാതിരഞ്ഞെടുപ്പുകളിൽ സംസ്ഥാന പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ഒടുവിൽ ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുള്ള എം.ടി.രമേശിന് അവസരം നൽകണമെന്ന് കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തിനു മുന്നിൽ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും പരിഗണിക്കാതിരിക്കുന്നത് അനീതിയാകുമെന്നാണ് അവരുടെ വാദം. ദക്ഷിണേന്ത്യയിൽനിന്ന് ഒരു വനിതാ പ്രസിഡന്റ് വേണമെന്ന് തീരുമാനിച്ചാൽ ശോഭാ സുരേന്ദ്രന് നറുക്ക് വീഴും. വി.മുരളീധരനു വേണ്ടിയും ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ മുരളീധരന് ദേശീയ നേതൃത്വത്തിൽ നിർണായക ചുമതല ഇക്കുറി ലഭിക്കുമെന്നാണ് അറിയുന്നത്.
പ്രഖ്യാപനം വൈകും തോറും സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ.സുരേന്ദ്രന് തുടരാൻ അവസരമൊരുങ്ങുമെന്ന് സുരേന്ദ്രൻ പക്ഷത്തെ നേതാക്കൾ പറയുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരെ തീരുമാനിക്കുമ്പോൾ ചെയ്യാറുള്ളതുപോലെ ദേശീയ നേതൃത്വം അപ്രതീക്ഷിത മുഖങ്ങളെ അവതരിപ്പിക്കുമെന്ന് കരുതുന്നവരുമുണ്ട്. അതിനിടെയാണ് തമിഴ് നാട് മോഡൽ കേരളത്തിൽ പരീക്ഷിക്കാനായി റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനെ പരിഗണിച്ചേക്കുമെന്ന സൂചനകൾ വരുന്നത് .