തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ ആറ് സ്ഥിരം ജീവനക്കാരെ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിടാൻ ശ്രമമെന്നു പരാതി. സർവകലാശാല പ്രസ്സിലെ ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. ജീവനക്കാരുടെ സ്ഥാനക്കയറ്റം പരിഗണിക്കുന്നതിനിടെയാണ് സർവകലാശാലയുടെ വിചിത്രനീക്കം.2012ൽ ജോലിക്ക് കയറിയ അജിത്ത് കുമാർ സി.ടി, ശ്യാം കുമാർ സി, ബിജു പി, മാർട്ടിൻ എന്‍.ജെ, അബ്ദുൾ കരീം എൻ, മുരളീധരൻ എം.കെ എന്നീ ജീവനക്കാരെയാണ് സർവകലാശാല യോഗ്യതയില്ല എന്ന് കാണിച്ച് പുറത്താക്കാൻ തീരുമാനിച്ചത്. കേരള ഗവൺന്മെൻ്റ് ടെക്നിക്കൽ എജുക്കേഷൻ പരീക്ഷ പാസ്സായവർക്കും തത്തുല്യ യോഗ്യത ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
തത്തുല്യ യോഗ്യതയായ എം.ജി.ടി.ഇ പാസായ ഈ ആറുപേർക്കും സ്ഥാനക്കയറ്റം നൽകുന്നത് പരിഗണിക്കവെ തുല്യതാ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സർവകലാശാല ആവശ്യപ്പെട്ടു. തുടർന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്ന് തുല്യത അനുവദിക്കുകയും ചെയ്തു. ഇത് സർവകലാശാലയിൽ സമർപിച്ചപ്പോൾ സർട്ടിഫിക്കറ്റിന് മുൻകാല പ്രാബല്യം വേണമെന്നായി അടുത്ത ആവശ്യം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് മുൻകാല പ്രാബല്യം അനുവദിച്ചെങ്കിലും ഉന്നതവിദ്യാഭ്യാസ മന്ത്രി അത് വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെയാണു സർവകലാശാലയുടെ നീക്കം. നടപടിക്ക് മുന്നോടിയായി വിഷയം കോടതിയെ ധരിപ്പിക്കുന്നതിന് സ്റ്റാൻഡിങ് കൗൺസിലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സിൻഡിക്കേറ്റ്.