കോഴിക്കോട്: തന്റെ ഭാര്യയെ പ്രതി ചേർത്ത സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ടി സിദ്ദിഖ് എംഎൽഎ. പരാതിയിൽ പറയുന്ന സമയത്ത് ഭാര്യ ഷറഫുന്നീസ ആ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘പരാതിയിൽ പറയുന്ന കാലയളവിൽ ഷറഫുന്നീസ അവിടെ പ്രവർത്തിച്ചു എന്ന് തെളിയിക്കാൻ പരാതിക്കാരിയെയും പൊലീസിനെയും വെല്ലുവിളിക്കുന്നു. 2021ന് സ്ഥാപനത്തിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചു. ബ്രാഞ്ച് മാനേജർ തസ്‌തികയിലാണ് ഓഫർ ലെറ്റർ ലഭിച്ചത്. 2022 ഡിസംബർ എട്ടിന് രാജി സ്ഥാപനത്തിന് കൈമാറി. രാജി കത്തിലും ഇതേ തസ്‌തികയിൽ രാജി വയ്‌ക്കുന്നു എന്നാണ് നൽകിയിട്ടഉള്ളത്. സ്ഥാപനത്തിന്റെ പ്രവർത്തനം ശരിയല്ല എന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് രാജിവച്ചത്. അതിന് ശേഷം സ്ഥാപനത്തിലേക്ക് പോയിട്ടില്ല. പരാതിക്കാരിയുമായി ഷറഫുന്നീസക്ക് ഒരു തരത്തിലും ബന്ധമില്ല. ‘- സിദ്ദീഖ് പറഞ്ഞു.
‘കള്ളക്കേസെടുത്ത് രാഷ്ട്രീയ തേജോവധം ചെയ്യുന്ന ഭരണകൂട ഉപകരണമായി പൊലീസ് മാറി. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശവും എന്റെ ഭാര്യക്കല്ല. പിന്നെ എങ്ങനെ ഡയറക്ടർ ബോർഡ് അംഗമാകും? ആരോപണം വരുമ്പോൾ നേരിടാൻ ഒരു മടിയുമില്ല. അത് തെറ്റ് ചെയ്യാത്തത് കൊണ്ടാണ്. മുൻ സിപിഎം കൗൺസിലർ സാവിത്രി ശ്രീധരന്റെ മകളാണ് പരാതിക്കാരി. അപമാനിക്കാൻ ശ്രമിക്കുന്ന നീക്കത്തിന് മുന്നിൽ തല കുനിക്കില്ല. പാവപ്പെട്ട നിക്ഷേപകരോടൊപ്പമാണ് ഞാൻ. നിക്ഷേപകരുടെ പണം തിരികെ കിട്ടാൻ ഞാനും പ്രവർത്തിക്കുന്നുണ്ട്. നിയമനടപടി സ്വീകരിക്കും.’ – സിദ്ദീഖ് കൂട്ടിച്ചേർത്തു.#t-siddique
Read more – തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്