ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ഡൽഹി സർക്കാറിന്‍റെ നിശ്ചല ദൃശ്യം തള്ളിയത് രാഷ്ട്രീയ നീക്കമെന്ന് ആം ആദ്മി പാർട്ടി. ഡൽഹി സർക്കാരിന്റെ ആരോഗ്യ, വിദ്യാഭ്യാസ മാതൃകകൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ കേന്ദ്രം അട്ടിമറിക്കുകയാണെന്നും എ.എ.പി ആരോപിച്ചു. നിശ്ചല ദൃശ്യം പരേഡിൽ നിന്ന് ഒഴിവാക്കിയതിന് കേന്ദ്ര സർക്കാർ കാരണങ്ങളൊന്നും വ്യക്തമാക്കിയട്ടില്ലെന്ന് എ.എ.പി വക്താവ് പ്രിയങ്ക കാക്കർ പറഞ്ഞു.
“ഈ തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്. റിപ്പബ്ലിക് ദിന പരേഡിൽ അവരുടെ വിദ്യാഭ്യാസ, ആരോഗ്യ മാതൃക പ്രദർശിപ്പിക്കാൻ ഡൽഹി സർക്കാർ ആഗ്രഹിച്ചു. എന്നാൽ ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ടു”-പ്രിയങ്ക കാക്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന അസം, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ അഞ്ച് വർഷമായി നിശ്ചല ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുന്നുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
പഞ്ചാബിന്‍റെ നിശ്ചല ദൃശ്യം പരേഡിൽ നിന്ന് ഒഴിവാക്കിയതിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ബി.ജെ.പിയെ വിമർശിച്ചിരുന്നു. അവസരം ലഭിച്ചാൽ ബി.ജെ.പി ദേശീയ ഗാനത്തിൽ നിന്ന് വരെ പഞ്ചാബിന്‍റെ പേര് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.