പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 ചാമ്പ്യൻസ് ട്രോഫിയുടെ കലാശപ്പോര് ഇന്ന് ഉച്ച തിരിഞ്ഞു ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഫൈനലിൽ ഇന്ത്യ മത്സരിക്കുന്നതിനാൽ മാത്രമാണ് മത്സരം ദുബായിയിൽ നടക്കുന്നത്. കലാശപ്പോരിൽ ഇന്ത്യ ന്യൂ സീലന്ഡിനെ നേരിടും. ഉച്ച തിരിഞ്ഞു ഇന്ത്യൻ സമയം 2:30ന് ആണ് മത്സരം. മൂന്നാം കിരീടനേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. 2013 ചാമ്പ്യൻസ് ട്രോഫിയ്ക്കു ശേഷം ഏകദിന ഫോർമാറ്റിൽ നേരിടുന്ന കിരീട വരൾച്ച അവസാനിപ്പിക്കുക എന്നതാണ് ഇന്ത്യ മുന്നിൽ കാണുന്നത്.

ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച 2 ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഗ്രൂപ് സ്റ്റേജുകളുടെ അവസാനത്തോടെ ഫൈനലിൽ വരാൻ യോഗ്യരായ 2 ടീമുകൾ ഇന്ത്യയും ന്യൂ സീലൻഡും തന്നെയാണ് എന്നായിരുന്നു അഭിപ്രായങ്ങളും പ്രവചനങ്ങളും. നിർണായക മത്സരങ്ങളിൽ ഇന്ത്യക്കു ന്യൂ സീലന്ഡിനെതിരെ അത്ര മികച്ച റെക്കോർഡല്ല നിലവിലുള്ളത്. 2019 ലെ ലോകകപ്പ് സെമി പറഞ്ഞയച്ചു, വേൾഡ് ടെസ്റ്റ് ചാമ്പ്യഷിപ്പിലെ ഫൈനൽ മത്സരത്തിലെ പരാജയം ഉൾപ്പടെ ഇന്ത്യയ്‌ക്കു നെഞ്ചിടിപ്പ് നൽകുന്ന ഒരു പിടി മത്സരങ്ങൾ നൽകിയവരാണ് കിവികൾ. പ്രത്യേകിച്ച് മിന്നും ഫോമിലുള്ള രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ പോലെയുള്ള ബാറ്റർമാരെ വൈകാതെ തന്നെ തിരികെ പവലിയനിലേക്ക് മടക്കുക എന്നത് ശ്രമകരവുമാണ്.

രോഹിത്-ഗിൽ ഓപ്പണിങ്ങിൽ വിശ്വശിച്ചാകും ഇന്നും ഇന്ത്യ ഇറങ്ങുക. ഫോമിൽ അല്ലെങ്കിലും തുടക്കത്തിലേ കൂറ്റനടികളിലൂടെ സ്കോർ ഉയർത്തുക എന്നത് തന്നെയാവും ഹിറ്റ്മാന്റെ പ്ലാൻ. ഗിൽ അകത്തെ തന്റെ സ്വതസിദ്ധമായ സ്റ്റൈലിഷ് ക്ലാസിക് ഷോട്ടുകളിലൂടെ റൺസ് കണ്ടെത്തുന്നു. നിർണായക മത്സരങ്ങളിൽ എന്നും ഇന്ത്യയുടെ വിശ്വസ്തനായ വിരാട് കൊഹ്‌ലിയിൽ തന്നെയാണ് ഇന്ത്യൻ പ്രതീക്ഷകൾ. മികച്ച ബാറ്റിംഗ് കാഴ്ചവെച്ചുകൊണ്ട് ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരും ഫിനിഷിങ്ങിലെ വെടിക്കെട്ടുകാരൻ ഹർദിക് പാണ്ട്യയും കൂടെ ആകുമ്പോൾ ഒരു ബാലൻസ്ഡ് ആയ ടീം തന്നെയാണ് ഇന്ത്യയുടേത്. 4 സ്പിന്നർമാരും 2 പേസർമാരും അടങ്ങുന്ന ഇന്ത്യൻ ബൗളിങ്ങിനെ ദുബായ് പിച്ചിൽ നേരിടുന്നത് കിവികൾക് അത്ര എളുപ്പമാവില്ല.

നിലവിൽ ഇന്ത്യയുടെ ടീം ഏതു വമ്പന്മാരെയും കീഴ്പ്പെടുത്താൻ കെൽപ്പുള്ളതുമാണ്. പരിചയ സമ്പന്നമായ ബാറ്റിംഗ് നിരയും മൂർച്ചയേറിയ ബൗളിംഗ് നിരയും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഗ്രൂപ് ഘട്ടത്തിൽ ന്യൂ സീലന്ഡിനെ ഇന്ത്യ പരാജയപെടുത്തിരുന്നു എന്നാൽ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളുടെയും തന്ത്രങ്ങൾ മാറ്റുരയ്ക്കുമ്പോൾ ആര് വാഴും എന്നതാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.