ഐസിസി ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 നു പാകിസ്ഥാനിൽ ആരംഭിക്കാനിരിക്കെ പാകിസ്ഥാനിൽ നിന്നും ടൂർണമെന്റ് പൂർണമായും മറ്റൊരു രാജ്യത്തേക്ക് മാറ്റേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇന്ത്യ പാകിസ്ഥാനിൽ മത്സരങ്ങൾ കളിക്കുന്നില്ല എന്ന് തീരുമാനിച്ചതോടെ ഒരു ഹൈബ്രിഡ് രീതിയിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. അതായത് ഇന്ത്യയുടെ മത്സരങ്ങൾ UAE യിലും ബാക്കി മത്സരങ്ങൾ പാകിസ്താനിലും നടത്തും. എന്നാൽ പാകിസ്താനിലെ സ്റ്റേഡിയങ്ങളുടെ അവസ്ഥ വളരെ മോശമാണെന്നാണ് വരുന്ന റിപോർട്ടുകൾ. കറാച്ചി, റാവല്പിണ്ടി, ലാഹോർ എന്നിങ്ങനെ 3 വേദികളാണ് തെരെഞ്ഞെടുത്തത്. എന്നാൽ ഇപ്പോഴും പല സ്റ്റേഡിയങ്ങളുടെയും നിർമ്മാണപ്രവർത്തനങ്ങൾ വളരെ പിന്നിലാണ്.
ഒരു മാസത്തിനു മുകളിൽ മാത്രം സമയം ബാക്കി ഇരിക്കെ ഈ സ്റ്റേഡിയങ്ങൾ മത്സരങ്ങൾ നടത്താൻ പൂർണമായും സജ്ജമാകുമോ എന്നതാണ് ICC യുടെ ആശങ്ക. കേവലം മിതമായ സൗകര്യങ്ങൾ കൊണ്ട് മാത്രം ഐസിസി ചാമ്പ്യൻസ് ട്രോഫി പോലെയുള്ള ഒരു വലിയ ടൂർണമെന്റ് നടത്താൻ സാധിക്കുകയില്ല. ഐസിസി യുടെ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാൽ മാത്രമേ സ്റ്റേഡിയം പൂര്ണസജ്ജമെന്നു ഉറപ്പിക്കാനാകൂ. പൊതുവിൽ സ്വീകരിച്ചു പോരുന്ന ക്രമം അനുസരിച്ചു ടൂർണമെന്റ് തുടങ്ങിന്നതിനു മാസങ്ങൾക്കു മുന്നേ തന്നെ സ്റ്റേഡിയങ്ങൾ ഐസിസി ക്ക് കൈമാറണം. അതിനു ശേഷമാണ് ഐസിസി യുടെ ഭാഗത്തു നിന്നുമുള്ള പരിശോധനകൾ നടക്കുക. പറഞ്ഞ സമയത്തിനുള്ളിൽ തന്നെ സ്റ്റേഡിയത്തിന്റെ പണികൾ പൂർത്തിയാകുമോ എന്ന് ഇപ്പോഴും തീർച്ചയില്ലാതിനാൽ, വേദി പൂർണമായും മാറ്റുന്നതിനെക്കുറിച്ചും ചർച്ചയുണ്ട്. എന്നാൽ സ്റ്റേഡിയങ്ങളുടെ നിര്മാണപ്രവർത്തനങ്ങൾ ഉടനടി തന്നെ പൂർത്തീകരിച്ചു നിലവാരം പരിശോധിക്കാൻ നല്കുമെന്നുമാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്. നിലവിൽ ജനുവരി 25 ആണ് സ്റ്റേഡിയങ്ങൾ പണി തീർത്ത് ICC ക്ക് കൈമാറേണ്ട അവസാന തീയതി.