കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ ചാത്തന്നൂർ സ്വദേശി പത്മകുമാറിനെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പത്മകുമാറിനെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ച നിർണായക തെളിവ് ലഭിച്ചത് കല്ലുവാതുക്കൽ സ്വദേശിയായ ഓട്ടോ ഡ്രെെവറുടെതാണെന്നാണ് വിവരം.
പൊലീസ് അന്വേഷണത്തിനിടെയാണ് ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നത്. ഇത് കേന്ദ്രീകരിച്ച് പിന്നീട് നടത്തിയ അന്വേഷണത്തിൽ ഡ്രെെവറെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതോടെ പ്രതികളെ സംബന്ധിച്ച് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു.
ചാത്തന്നൂർ കേന്ദ്രീകരിച്ചുള്ള ഒരു വ്യക്തിയാണ് ഇതിന് പിന്നിലെന്ന് ആദ്യം സംശയം പറഞ്ഞത് ഈ ഓട്ടോ ഡ്രെെവറാണ്. ഇയാൾക്ക് സ്വിഫ്റ്റ് ഡിസയർ കാറും മറ്റൊരു നില നിറത്തിലുള്ള കാറുമുള്ളതായും ഓട്ടോ ഡ്രെെവർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വിഫ്റ്റ് കാർ വീട്ടിൽ ഉപേക്ഷിച്ച് നീലക്കാറിൽ കടന്നതായി പൊലീസിന് വിവരം ലഭിച്ചത്.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രത്യേക സംഘം സഹായിച്ചതായി പത്മകുമാർ മൊഴി ന.കിയിട്ടുണ്ട്. നീക്കം നടത്തിയത് ഈ സംഘം പറഞ്ഞത് അനുസരിച്ചാണെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
ഇന്ന് വൈകീട്ടോടെയാണ് പ്രതികളെ പൊലീസ് തമിഴ്നാട്ടിലെ തെങ്കാശിയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കൊപ്പം രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ മൂന്ന് പേരിൽ ഒരാൾക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. നഴ്സുമാരുടെ റിക്രൂട്ട്‌മെന്റും നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.