അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കണക്കുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കി ചൈന. 2025 ജനുവരി ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഇന്ത്യൻ പൗരന്മാർക്ക് 85000-ത്തിലധികം വിസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി അറിയിച്ചു. കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കളെ ചൈനയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് ചൈനീസ് അംബാസിഡർ സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഇതിനു പിന്നാലെ ഇന്ത്യക്കാർക്ക് വിസ ഇളവുകൾ നൽകിയിരിക്കുകയാണ് ചൈന

ഇന്ത്യൻ യാത്രികർക്കുള്ള വിസ ഇളവുകൾ എന്തൊക്കെ എന്ന് അറിയാം
ഓൺലൈൻ അപ്പോയിന്റ്മെന്റ് ഇല്ല: ഇന്ത്യൻ അപേക്ഷകർക്ക് ഇപ്പോൾ മുൻകൂറായി ഓൺലൈൻ അപ്പോയിന്റ്മെന്റുകൾ ഇല്ലാതെ പ്രവൃത്തി ദിവസങ്ങളിൽ വിസ സെന്ററുകളിൽ ചെന്ന് നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാം.
ബയോമെട്രിക് ഇളവ്: കുറഞ്ഞ സമയത്തേക്ക് ചൈന സന്ദർശിക്കുന്ന യാത്രക്കാർ ബയോമെട്രിക് ഡാറ്റ നൽകേണ്ടതില്ല. ഇത് പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നു.
വിസ ഫീസ്: വളരെ കുറഞ്ഞ നിരക്കിൽ ചൈനീസ് വിസ ലഭ്യമാകും. ഇത് ഇന്ത്യൻ സന്ദർശകർക്ക് ചൈനയിലെക്കുള്ള യാത്ര സാമ്പത്തികമായി സുഗമമാക്കുന്നു.
വേഗത്തിലുള്ള പ്രോസസ്സിംഗ് സമയങ്ങൾ: വിസ അംഗീകാരിക്കാനുള്ള സമയക്രമം കുറഞ്ഞിട്ടുണ്ട്. ഇത് അതിവേഗം വിസ ലഭ്യമാക്കുകയും ബിസിനസ്, വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു.
ടൂറിസം: സാംസ്കാരിക ഉത്സവങ്ങൾ, കൂടുതൽ ടൂറിസം ഡെസ്റ്റിനേഷനുകൾ എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടുന്നതൊക്കെ ചൈന ഒരുക്കുന്നുണ്ട്.
ഇതോടെ ചൈനയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ചൈന ലക്ഷ്യമിടുന്നു. അമേരിക്കൻ പ്രസിഡന്റായ ട്രംപും മോദിയും തമ്മിലുള്ള ഊഷ്മള ബന്ധം വ്യക്തമാണെന്നിരിക്കെ അമേരിക്കയുടെ പ്രഥമ എതിരാളിയായ ചൈന ഇന്ത്യയുമായി ബന്ധം ദൃഡമാക്കുന്നതും അന്താരാഷ്ട്ര തലങ്ങളിൽ ചർച്ചയാവുകയാണ്.