അഞ്ചൽ: സിഗരറ്റ് കാറിനടുത്തെത്തി നൽകാത്തതിന്റെ പേരിൽ അംഗപരിമിതന്റെ കട കാറിടിച്ച് തകർത്തു. ഞായറാഴ്ച രാത്രി എട്ടോടെ ആയൂർ ആയുർവേദ ആശുപത്രി ജങ്ഷന് സമീപത്താണ് സംഭവം. ആയൂർ സ്വദേശി സദ്ദാമാണ് കട തകർത്തത്. സദ്ദാം കാർ കടയ്ക്കു മുന്നിൽ നിർത്തിയ ശേഷം കടയുടമയായ മോഹനനോട് സിഗറരറ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കാലിന് സ്വാധീനമില്ലാത്ത ആളാണെന്ന് മോഹനൻ പറഞ്ഞെങ്കിലും അത് വകവയ്ക്കാതെ കാർ ഇടിച്ചു കയറ്റി കട തകർത്തുവെന്നാണ് മോഹനന്റെ മൊഴി.
ഗുരുതരമായി പരിക്കേറ്റ മോഹനനെ സമീപത്തെ കടകളിലുണ്ടായിരുന്നവർ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചടയമംഗലം എസ്.എച്ച്.ഒ സുനീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരടങ്ങിയ പൊലീസ് സംഘം ആയൂരിൽ നിന്ന് സദ്ദാമിനെയും, കട ഇടിച്ചു തകർക്കാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.