ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടയിൽ വികാരധീനനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് വോട്ട് ചെയ്താലും ഇല്ലെങ്കിലും തന്റെ സംസ്കാരത്തിനെങ്കിലും പങ്കെടുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ജില്ലയിലെ അഫ്സല്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കല്‍ബുര്‍ഗിയില്‍ തനിക്ക് ഇനിയൊരു സ്ഥാനവുമില്ലെന്ന് താന്‍ കരുതുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. സിറ്റിംഗ് എം.പി ഉമേഷ് ജാദവാണ് കല്‍ബുര്‍ഗിയിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണിയെയാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. ”ഇത്തവണ നിങ്ങളുടെ വോട്ട് നഷ്ടമായാൽ (കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തില്ലെങ്കിൽ) എനിക്ക് ഇവിടെ സ്ഥാനമില്ലെന്നും നിങ്ങളുടെ ഹൃദയം കവർന്നെടുക്കാൻ കഴിയില്ലെന്നും ഞാൻ വിചാരിക്കും” അദ്ദേഹം പറഞ്ഞു. 2009,2014 തെരഞ്ഞെടുപ്പുകളില്‍ ഖാര്‍ഗെ ഇവിടെ വിജയിച്ചെങ്കിലും 2019ല്‍ പരാജയപ്പെട്ടിരുന്നു.