സിപിഎം സംസ്ഥാന കമ്മറ്റിയിലേക്ക് ഇക്കുറിയും പ്രവേശനം ലഭിക്കാത്തതോടെ പൊതു സമ്മേളനം ബഹിഷ്കരിക്കുകയും ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയുക്കയും ചെയ്ത് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എ പദ്മകുമാർ. ഇപ്പോൾ പദ്മകുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്.

താൽപര്യം പ്രകടിപ്പിച്ചാൽ പദ്മകുമാറിനെ സ്വീകരിക്കുമെന്നും മറ്റുള്ള കാര്യങ്ങൾ സംഘടനാ തലത്തിൽ പാർട്ടി തീരുമാനിക്കുമെന്നും ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് അയിരൂർ പ്രദീപ് പറഞ്ഞു. കമ്മ്യുണിസ്റ്റ് പാർട്ടി വിട്ടെത്തിയാൽ സ്വീകരിക്കുമെന്നും അങ്ങനെ ധാരാളം ആളുകൾ വന്നിട്ടുണ്ടെന്നും കോൺഗ്രസും വ്യക്തമാക്കി.

സംസ്‌ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുമ്പോൾ കഴിഞ്ഞ കാലത്തെ സമര, സംഘടന പ്രവർത്തനങ്ങളും കണക്കിലെടുക്കണമായിരുന്നുവെന്ന് പത്മകുമാർ പ്രതികരിച്ചിരുന്നു. ഇന്നല്ലെങ്കില്‍ നാളെ പാർട്ടിക്ക് ഇത് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗുരുതരമായ അച്ചടക്ക ലംഘനമാണ് പത്മകുമാർ നടത്തിയതെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.