യു.ഡി.എഫ് യോഗത്തിന്റെ പിറ്റേന്ന് തരൂർ വിവാദവും പാർട്ടി പുന:സംഘടനയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്.തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ അതിനുള്ള ഒരുക്കം വളരെ നേരത്തെ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയിലാണ് യോഗമെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ സംസ്ഥാനത്ത് ശശി തരൂരിനെ ചുറ്റിപ്പറ്റി നിലവിലുണ്ടായ വിവാദം, പാർട്ടി പുന:സംഘടന എന്നിവ സംബന്ധിച്ചും ചർച്ചയും ചില നിർണായക തീരുമാനങ്ങളുമുണ്ടാവും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും സംഘടനാ ചുമതല യുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ കൂടിയാലോചനയിലാണ് പ്രശ്നങ്ങൾ വലിച്ചുനീട്ടാതെ അടിയന്തരമായി പരിഹരിക്കുന്നതിന് സംസ്ഥാന നേതാക്കളെയും എംപിമാരെയും ഡൽഹിക്കു വിളിപ്പിക്കാൻ തീരുമാനിച്ചത്.

പാർട്ടിയിലെ തലമുതിർന്ന നേതാവും പ്രവർത്തകസമിതി അംഗവുമായ എ.കെ. ആന്റണിയുമായി സംസ്ഥാന നേതാക്കളും വേണുഗോപാലും നേരിട്ടും ടെലിഫോണിലും ചർച്ച നടത്തും. സംസ്ഥാനത്തുനിന്നുള്ള പ്രവർത്തകസമിതയംഗങ്ങളായ കെ.സി. വേണുഗോപാൽ, ഡോ. ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവർക്കു പുറമെ കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, പ്രിയങ്ക ഗാന്ധി, എന്നിവരടക്കമുള്ള എം.പിമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സിസി ഭാരവാഹികൾ തുടങ്ങിയവർ വെള്ളിയാഴ്ചത്തെ സുപ്രധാന ചർച്ചകളിൽ പങ്കെടുക്കും.
വെള്ളിയാഴ്ചത്തെ പരിപാടികൾ റദ്ദാക്കി ഡൽഹിയിൽ എത്താനാണു മുതിർന്ന നേതാക്കളോടും എം.പിമാരോടും കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചത്. തരൂരിനെ പാർട്ടി ദേശീയ നേതൃത്വം കൈവിടില്ലെന്നും അദ്ദേഹത്തെ കൂടി ഉൾക്കൊണ്ട് പോകേണ്ടതിന്റെ ആവശ്യകത സംസ്ഥാനത്തും രാജ്യത്താകമാനവുമുണ്ടെന്നാണ് എ.ഐ.സി.സിയുടെയും പാർട്ടി സമുന്നത നേതൃത്വത്തിന്റെയും വിലയിരുത്തൽ.
അതുകൊണ്ട് തന്നെ തരൂരിനെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കാനും അനുനയിപ്പിക്കാനും ശ്രമിക്കുന്നതിനൊപ്പം സംസ്ഥാനത്ത് പാർട്ടി നേതൃത്വത്തിനുള്ളിലുള്ള ആശയവിനിമയത്തിന്റെ അപര്യാപ്തത പരഹരിക്കാനും തീരുമാനങ്ങളുണ്ടാവും. യോഗത്തിൽ തനിക്കെതിരെ വിമർശനമുയർന്നാൽ കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറെടുത്താണ് തരൂരും എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചതും എൽ.ഡി.എഫ് സർക്കാരിന്റെ വ്യവസായനേട്ടങ്ങളെ പ്രകീർത്തിച്ചതും മോദിയുടെ അമേരിക്കൻ സന്ദർശനം സംബന്ധിച്ചുള്ള അഭിപ്രായപ്രകടനങ്ങളിലും ഹൈക്കമാന്റിന് അതൃപ്തിയുണ്ട്.
ഈ വിഷയങ്ങളെ ചുറ്റിപ്പറ്റി നടന്ന രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമവും യോഗത്തിൽ ചർച്ചയാവും. വിഷയത്തിൽ മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ തരൂരിന്റെ നിലപാടിനെതിരെ തിരിഞ്ഞിട്ടുണ്ട്.
തരൂരിനെ ഉൾക്കൊണ്ട് പോകണമെന്നതിൽ സംശയമില്ലെന്നും എന്നാൽ തിരഞ്ഞെടുപ്പ് വർഷത്തിൽ സർക്കാരിനെ പുകഴ്ത്തുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നുമാണ് അവരുടെ നിലപാട്. ഇത് എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ടെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്. ഇതിന് പുറമേ സംസ്ഥാന കോൺഗ്രസിൽ പുന:സംഘടനയുമായി ബന്ധപ്പെട്ട് തീരുമാനങ്ങളുമുണ്ടാവും. കെ.പി.സിസി, ഡി.സി.സി അഴിച്ചുപണി വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യമാണ് സംസ്ഥാനത്ത് നിന്നും ഉയർന്നിട്ടുള്ളത്.
സംസ്ഥാനത്ത് ഈ വർഷം മുതൽ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നതിനാൽ തന്നെ അത് നേരിടാനുള്ള മുന്നൊരുക്കങ്ങൾ സംബന്ധിക്കുന്ന തീരുമാനങ്ങളും യോഗത്തിലുണ്ടാവും. തദ്ദേശത്തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നോടിയെന്ന നിലയിൽ പ്രവർത്തനം ഊർജ്ജിതമാക്കാനാവും നീക്കമുണ്ടാവുക.