അമേരിക്കൻ പ്രസിഡന്റായുള്ള രണ്ടാം വരവിൽ ആദ്യദിനങ്ങളിൽ തന്നെ ഡൊണാൾഡ് ട്രംപിന് തിരിച്ചടി. അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക പ്രഖ്യാപനം. നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും.
ഇന്ത്യക്കാർ ഉൾപ്പെടെ യുഎസ്സിലെ വലിയൊരു വിഭാഗം വിദേശ രാജ്യക്കാരെ ആശങ്കയിലാക്കുന്ന ഉത്തരവ് അധികാരമേറ്റു ആദ്യ ദിനം തന്നെ ട്രംപ് പുറത്തിറക്കിയിരുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് അനേകം വ്യക്തികളും സംഘടനകളും കോടതികളെ സമീപിച്ചിരുന്നു. അതേസമയം സ്റ്റേ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.