എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഐ പാലക്കാട് ജില്ലാകമ്മിറ്റി. സിപിഐ സംസ്ഥാന കമ്മിറ്റിക്കു ഇക്കാരണം ചൂണ്ടികാണിച്ചു കത്ത് നൽകിയിട്ടുണ്ട്. വിഷയം നാളെ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റയിൽ ചര്‍ച്ച ചെയ്യും. പദ്ധതി വന്നാല്‍ ശുദ്ധജലക്ഷാമം ഉണ്ടാകുമെന്ന ആശങ്കയാണ് ജില്ലാ നേതൃത്വം അറിയിച്ചത്. പാര്‍ട്ടി മന്ത്രിമാര്‍ കുറച്ച്കൂടി ജാഗ്രത പാലിക്കണം. മഴവെള്ള സംഭരണിയിൽ നിന്നും വെള്ളം കണ്ടെത്തും എന്നത് അപ്രായോഗികമാണെന്നും മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ത്തണമായിരുന്നുവെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
സിപിഐ ബ്രൂവെറി വേണം എന്ന ആശയത്തോടൊപ്പമാണെന്നാണ് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞത് എന്നാൽ കുടിവെള്ളം ചൂഷണം ചെയ്തുകൊണ്ടുള്ള വികസനം വരേണ്ടതില്ല. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് കുടിവെള്ളം. സിപിഐ അതിൽ മൗനം പാലിച്ചിട്ടില്ല എന്നായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരസ്യ പ്രതികരണം.