പാലക്കാട്: ഭരണം സംബന്ധിച്ച എം.ടി വാസുദേവൻ നായരുടെ പരാമർശങ്ങൾ ഇടതുപക്ഷത്തെ പറ്റിയുള്ള പ്രതീക്ഷകൾ സംബന്ധിച്ചാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. എക്സാലോജിക്കിനെതിരായ അന്വേഷണം നിഷ്‍പക്ഷമായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിമർശനങ്ങളെ ഒരിക്കലും തെറ്റായി കാണാൻ കഴിയില്ലെന്ന് എം.ടിയുടെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി. അർഹിക്കുന്ന ഗൗരവത്തോടെ ആ പരാമർശങ്ങൾ കാണുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ഒരു കാര്യവും വ്യക്തികേന്ദ്രീകൃതമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
എക്സാലോജിക്കിനെതിരായ അന്വേഷണത്തെപ്പറ്റി അറിഞ്ഞിട്ടില്ല. അന്വേഷണം നിഷ്‍പക്ഷമായിരിക്കണം. കേന്ദ്രസർക്കാർ ലക്ഷ്യം അന്വേഷണങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണ്. ന്യായവും നീതിയും ഇല്ലാത്ത നടപടിയാണ് കേന്ദ്രത്തിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി-ആർ.എസ്.എസ് രാഷ്ട്രീയത്തിന് വഴിതെളിക്കാനാണ് അന്വേഷണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.