പമ്പ: ഇക്കൊല്ലം ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവീസ് വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടി വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവീസുകളും 34,000 ദീർഘദൂര സർവീസുകളും നടത്തി. ആകെ 64. 25 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്.
ജനുവരി 15 ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 16 ന് പുലർച്ചെ 3.30 വരെ തുടർച്ചയായി പമ്പ -നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവ്വീസുകൾ നടത്തിയിരുന്നു. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവസുകളും നടത്തി.
ശബരിമല നട അടയ്ക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവീസുകളും, ജനുവരി 21 ന് പുലർച്ചെ 4 മണി വരെ ദീർഘദൂര സർവീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ അറിയിച്ചു.