പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ വിവാദങ്ങൾ ഒഴിയുന്നില്ല. ഇത്തവണത്തെ ടൂർണമെന്റിൽ ഉദ്ഘാടന ചടങ്ങും ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടും ഉണ്ടാവില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ഇക്കാര്യത്തിൽ ഐസിസി യും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഒരു ധാരണയിലെത്തിയിരിക്കുന്നു. ഇന്ത്യയിൽ നിന്നും സുരക്ഷാ പ്രശ്നങ്ങൾ കാരണം കളിക്കാർ പാകിസ്താനിലേക്ക് പോകില്ല എന്ന് നിലപാട് ബി സി സി ഐ ആദ്യമേ സ്വീകരിച്ചിരുന്നു. ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിനായി രോഹിത്തിനെ വിടില്ല എന്നും തീരുമാനം എടുത്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഐ സി സി യുടെ നിർബന്ധം കടുത്താൽ രോഹിത്തിന് പോകേണ്ടി വന്നേനെ. പക്ഷെ നിലവിൽ അങ്ങനെ ഒരു സാഹചര്യം കാണുന്നില്ലെന്നാണ് സൂചന. ഫോട്ടോഷൂട് ഉണ്ടായിരുന്നു എങ്കിൽ 2008 ൽ എം എസ് ധോണിക്ക് ശേഷം പാകിസ്താനിലേക്ക് പോകുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ആകുമായിരുന്നു രോഹിത് ശർമ്മ.
ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നടക്കും എന്ന തീരുമാനം വന്നതോടെ ഇന്ത്യ മത്സരങ്ങൾക്കായി പാകിസ്താനിലേക്ക് പോകില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിന്നിരുന്നു. തങ്ങളുടെ കളിക്കാരുടെ സുരക്ഷ തന്നെയാണ് പ്രധാനം എന്നാണ് ബി സി സി ഐ അറിയിച്ചത്. ഇതിനെ ചൊല്ലി ബി സി സി ഐ യും പി സി ബി യും തമ്മിൽ കൊമ്പുകോർത്തിരുന്നു. പിന്നീട് ഐ സി സി യുടെ നിർദേശപ്രകാരം ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിയിൽ നടത്താം എന്നും അങ്ങനെ ടൂർണമെന്റ് ഒരു ഹൈബ്രിഡ് മോഡലിൽ മുന്നോട്ട് പോകും എന്നും തീരുമാനിക്കുകയായിരുന്നു. അതിനു ശേഷം ചാമ്പ്യൻസ് ട്രോഫ്യ്ക്കു മുന്നേ പാകിസ്താനിലെ സ്റ്റേഡിയങ്ങൾ മത്സരങ്ങൾ നടത്താൻ പൂർണ സജ്ജമാകുമോ എന്ന സംശയങ്ങൾ നിലനിന്നിരുന്നു. ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്റ്റേഡിയത്തിന്റെ പണി പൂർത്തീകരിക്കുകയോ പരിശോധനയ്ക്കും മറ്റുമായി ഐ സി സി ക്കു കൈമാറുകയോ ചെയ്തിട്ടില്ല. ഇങ്ങനെയെല്ലാമുള്ള പ്രശ്നങ്ങളുടെ കൂടെയാണ് ഇപ്പോൾ ഉദ്ഘടന ചടങ്ങ് നടത്തില്ല എന്ന വാർത്തയും വരുന്നത്.
ചാമ്പ്യൻസ് ട്രോഫിക്കായി പല ടീമുകളും വ്യത്യസ്ത തീയതികളിലാണ് പാക്സിതാനിലെത്തുന്നത്. അതിനാൽ ഉദ്ഘാടനച്ചടങ്ങ് നടത്തുക പ്രായോഗികമല്ലെന്നും അതിനാൽ ഉദ്ഘാടന ചടങ്ങുകളും വാർത്താ സമ്മേളനവും ഫോട്ടോ ഷൂട്ടും ഒഴിവാക്കിയതെന്നുമാണ് പാക് ക്രിക്കറ്റ് ബോര്ഡിന്റെ വിശദീകരണം.