കൊച്ചി : കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. ഇവർ നാലുപേരും കുസാറ്റിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ്. സിവിൽ എൻജിനിയറിംഗ് രണ്ടാവർഷ വിദ്യാർത്ഥിയായ എറണാകുളം കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, രണ്ടാവർഷ വിദ്യാർത്ഥിനികളായ നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്‌ത, കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഇതര സംസ്ഥാനത്തു നിന്നുള്ള വിദ്യാർത്ഥിയായ ജിതേന്ദ്ര ദാമുവും മരിച്ചതായാണി റിപ്പോർട്ട്.
അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമായി തുടരുന്നു. രണ്ടുപേർ കളമശേരി മെഡിക്കൽ കോളേജിലും രണ്ടുപേർ ആസ്റ്റർ മെഡിസിറ്റിയിലുാണ് ചികിത്സയിലുള്ളത്. നിലവിൽ വിവിധ ആശുപത്രികളിലായി 72 പേരാണ് ചികിത്സയിലുള്ളത്. 44 പേർ കളമശേരി മെഡിക്കൽ കോളേജിലും 15 പേർ സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്.
കുസാറ്റിൽ മൂന്നു ദിവസമായി നടക്കുകയായിരുന്ന ടെക് ഫെസ്റ്റ് ധിഷണയുടെ അവസാന ദിവസമാായ ഇന്ന് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പാണ് അപകടം നടന്നത്. ഗാനമേള നടക്കാനിരുന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ തിരക്ക് ഉണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോൾ പുറത്തുനിന്നവർ ഓഡിറ്റോറിയത്തിന് അകത്തേക്ക് തള്ളിക്കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.