ന്യൂഡൽഹി: ടി-90 ടാങ്കുകൾക്കായി രണ്ട് സാങ്കേതിക വിദ്യകൾ വാങ്ങുന്നതിനും സംയോജിപ്പിക്കുന്നതിനും ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി എ സി) അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ. ഡിജിറ്റൽ ബാലിസ്റ്റിക് കമ്പ്യൂട്ടർ (ഡി ബി സി), ഓട്ടോമാറ്റിക് ടാർഗെറ്റ് ട്രാക്കർ (എ ടി ടി), എന്നിവ വാങ്ങാനാണ് അംഗീകാരം നൽകിയത്.
ഡിജിറ്റൽ ബാലിസ്റ്റിക് കമ്പ്യൂട്ടറും, ഓട്ടോമാറ്റിക് ടാർഗെറ്റ് ട്രാക്കറും അഗ്നി നിയന്ത്രണ സംവിധാനത്തിന്റെ ഭാഗമാണെന്നാണ് വിവരം.നവംബർ 30ന് നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് അംഗീകാരം നൽകിയത്.
ഡിജിറ്റൽ ബാലിസ്റ്റിക് കമ്പ്യൂട്ടർ അന്തരീക്ഷത്തിലെ സാഹചര്യങ്ങൾ മാറിമറിയുന്നതിനനുസരിച്ച് ഫയർ ഗൈഡൻസ് സിസ്റ്റത്തെ ശക്തിപ്പെടുത്തുന്നു. ടാങ്കിനുള്ളിലെ താപനില, അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ ദിശയും വേഗതയും എല്ലാത്തിനെയും ഇത് സ്വാധീനിക്കുന്നു.
ഈ സാങ്കേതികവിദ്യ സൈന്യത്തിന് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ‘എതിരാളികളുടെ ടാങ്കുകൾ എളുപ്പത്തിൽ കണ്ടെത്താൻ ടി – 90 കൾക്ക് സാധിക്കും.’- ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ കവചിത ശേഷിയുടെ മുഖ്യഘടകമായ ടി-90 ടാങ്കുകൾ റഷ്യയിലാണ് നിർമ്മിക്കുന്നത്. ഇപ്പോൾ ഉപയോഗിക്കുന്ന 1,200 ടാങ്കുകൾ പുതുക്കിപ്പണിയുമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ടി- 90 കൾ കൂടാതെ എ ടി ടി, ഡി ബി സി എന്നിവ സജ്ജീകരിക്കാത്ത 2,400ത്തിലധികം ടി- 72 ടാങ്കുകളും ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നുണ്ട്.