ബെയ്റൂട്ട്: ഹിസ്ബുല്ലയുടെ മനുഷ്യ കവചം ആകരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ലബനനിലെ ജനങ്ങളോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ലക്ഷ്യം നേടുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു. ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആംബുലൻസുകൾ എന്നിവയ്ക്ക് മേൽ ഇസ്രയേൽ ബോംബിട്ടതായി ലെബനൻ കുറ്റപ്പെടുത്തി. എന്നാൽ ലെബനീസ് ജനതക്കെതിരെയല്ല ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം എന്നാണ് ഇസ്രയേൽ വാദം.
അതിനിടെ ലെബനനിലേക്ക് കര വഴിയുള്ള ആക്രമണത്തിന് ഇസ്രയേൽ മുതിർന്നാൽ ഹിസ്ബുല്ലയ്ക്ക് ഒപ്പം ചേർന്ന് പ്രതിരോധിക്കുമെന്ന് ഇറാഖിലെ സായുധ സംഘങ്ങൾ മുന്നറിയിപ്പ് നൽകി. ഇസ്‌ലാമിക് റെസിസ്റ്റൻസ് അടക്കമുള്ള സംഘങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഗോലാൻ കുന്നുകളിലെ ഇസ്രയേലി സൈനിക പോസ്റ്റുകൾക്കു നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്നും ഇസ്‌ലാമിക് റെസിസ്റ്റൻസ് അവകാശപ്പെട്ടു. ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണം കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചു. ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ പൂർണ യുദ്ധത്തിന്റെ വക്കിലെത്തി. വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു.#israel