ആശാ വർക്കർമാരുടെ സമരത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പ് പൊളിയുകയാണ്. 3 ആഴ്ച്ചയിൽ കൂടുതലായി നീളുന്ന ആശാവർക്കാർമാരുടെ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി നേതാക്കൾ രംഗത്തെത്തിയരുന്നു. സംസ്ഥാന സർക്കാരിന്റെ കണ്ണിൽ ചോരയില്ലാത്ത നടപടിയെ സംബന്ധിച്ച് നിരവധി വിമർശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ന് ആശാവർക്കർമാരുടെ സമരത്തിൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് എംപിമാർ രംഗത്തെത്തിയിരിക്കുകയാണ്. ആശാവർക്കർമാരുടെ സമരത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് ഒടുവിൽ തിരിച്ചറിവ് ലഭിച്ചിരിക്കുകയാണ് എന്നാണ് ഇക്കാര്യതത്തിൽ സിപിഎമ്മിന്റെ നിലപാട്.

കേരളത്തിലെ ആശാവർക്കർമാരുടെ സേവന വേതന വ്യവസ്ഥകൾ പുനർക്രമീകരിച്ച് നൽകണമെന്നും ഒരു മാസക്കാലമായി തുടരുന്ന സമരം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ച് ആശാവർക്കർമാർക്ക് നീതി ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിച്ചു. സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളത്തിൽനിന്നുള്ള കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിൽ കൂട്ടത്തോടെ ആവശ്യപ്പെട്ടിരുന്നു. ആശമാർക്ക് വേണ്ടതെല്ലാം അനുവദിച്ചെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയതും കോൺഗ്രസ് എംപിമാർ പരാമർശിച്ചിരുന്നു. ആശമാരുടെ അവകാശം ഹനിക്കുന്നത് കേന്ദ്രമാണെന്നും സമരം ചെയ്യേണ്ടത് ദില്ലിയിലാണെന്നും സംസ്ഥാനസർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അപ്പോഴെല്ലാം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയ കോൺഗ്രസ് നേതാക്കളാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഇടപെടൽ തേടിയത്.

മാത്രമല്ല, ആശ വർക്കർമാരുടെ സമരത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി നൽകിയ കത്തിന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ പി നദ്ദ മറുപടി നൽകിയിരുന്നു. ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിശോധിക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രി കത്തിന് നൽകിയ മറുപടി.
ആശ വർക്കർമാരുടെ സമരത്തോട് സർക്കാരും സിപിഐഎമ്മും കാണിക്കുന്ന തൊഴിലാളി വിരുദ്ധ സമീപനം വഞ്ചനാപരമാണെന്ന് നേരത്തെ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു. തൊഴിലാളി വർഗ പാർട്ടി എന്നും പുരോഗമന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളുമെന്ന് അവകാശപ്പെടുന്ന സിപിഐഎം ആശ പ്രവർത്തകരടക്കം വിവിധ മേഖലയിലെ തൊഴിലാളികളെ പുച്ഛിക്കുകയാണ്. അവർക്ക് തുച്ഛമായ വേതനം നൽകി അവഹേളിക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആശ വർക്കർമാർക്ക് വേതനം നൽകുന്നതിൽ സംസ്ഥാനത്തിന് വീഴ്ച പറ്റി എന്ന് സുരേഷ് ഗോപി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കുറ്റപ്പെടുത്തിയിരുന്നു. ആശ വർക്കർമാർക്ക് കേന്ദ്രം നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തോട് ജെ പി നദ്ദയുടേത് അനുകൂല പ്രതികരണമായിരുന്നില്ല. ആശമാർക്കായി കേന്ദ്രം 120 കോടി രൂപ അധികമായി നൽകിയിട്ടുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം നദ്ദ പറഞ്ഞതായി സുരേഷ് ഗോപി അവകാശപ്പെട്ടിരുന്നു.

ഫെബ്രുവരി പത്ത് മുതലാണ് ആശ വർക്കർമാർ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടങ്ങിയത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതിനിടയിൽ ആശാ വർക്കർമാരുടെ ഓണറേറിയം കുടിശ്ശിക സർക്കാർ വിതരണം ചെയ്തിരുന്നു. ജനുവരി മാസത്തെ കുടിശ്ശികയാണ് സർക്കാർ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം പൂർത്തിയായി. എന്നാൽ ഓണറേറിയും വർധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശ വർക്കർമാർ വ്യക്തമാക്കിയിരുന്നു.