തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിനിടയിൽ വാഗ്വദം. യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവും വി.സിയുമായി തർക്കമുണ്ടായി. സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ ഇതിനെ എതിർത്ത് വി.സി മോഹനൻ കുന്നുമൽ രംഗത്തെത്തുകയായിരുന്നു.
സെർച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സർവകലാശാലയിൽ സെനറ്റ് യോഗം ചേരുന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിർപ്പുകളും വിവാദങ്ങളും ഉയർന്നിരുന്നു. ഇതിനെ എല്ലാം മറികടന്നുകൊണ്ടാണ് ഇന്ന് യോഗം ചേരുന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തിൽ സർവകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുള്ളത്. 106 അംഗങ്ങളുള്ള സെനറ്റിൽ ക്വാറം തികയാൻ മൂന്നിലൊന്ന് അംഗബലം മതിയാകും.
ഭൂരിപക്ഷം ഇടത് അംഗങ്ങൾ ആണെങ്കിലും ചാൻസിലർ നോമിനികളും യു.ഡി.എഫ് പ്രതിനിധികളും ഔദ്യോഗിക അംഗങ്ങളും യോഗത്തിൽ എത്തിയാൽ ക്വാറം തികയും.സർവ്വകലാശാല ഭേദഗതി ബിൽ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നൽകേണ്ടതില്ല എന്നാണ് സി.പി.എം തീരുമാനം.#rbindu